| Tuesday, 8th March 2022, 12:16 pm

നേരിട്ടത് ക്രൂരമര്‍ദനം, മുഖത്തെ എല്ലുകള്‍ പൊട്ടി; ഹിന്ദു ഐക്യവേദി നേതാവിനെതിരെ ഗുരുതര പരാതിയുമായി യുവതിയും ഭര്‍ത്താവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ഹിന്ദു ഐക്യവേദി നേതാവിനെതിരെ ഗുരുതര പരാതിയുമായി യുവതിയും ഭര്‍ത്താവും. ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. സത്യവാനെതിരെയാണ് തൃശ്ശൂര്‍ കൊരട്ടി സ്വദേശിനി വൈഷ്ണവിയും ഭര്‍ത്താവും പരാതിയുമായി രംഗത്തെത്തിയത്.

ഹിന്ദു ഐക്യവേദി നേതാവ് തന്റെ ഭാര്യയെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നെന്നും അക്രമത്തില്‍ മുഖത്തെ നാല് എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തന്റെ ഭാര്യയ്ക്ക് ശരിയായി ശ്വാസം വലിക്കാനോ ഭക്ഷണം കഴിക്കാന്‍ പോലുമോ കഴിയാത്ത അവസ്ഥയിലാണെന്നും വൈഷ്ണവിയുടെ ഭര്‍ത്താവ് പറഞ്ഞു.

ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നും സഹോദരനില്‍ നിന്നും ക്രൂരമായ പീഡനമാണ് താന്‍ നേരിടേണ്ടി വന്നതെന്ന് യുവതിയും പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന സത്യവാനും യുവാവിന്റെ അമ്മയും തമ്മില്‍ ഏറെക്കാലമായി സുഹൃത് ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ യുവാവ് രണ്ടുപേരോടും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ബന്ധം തുടര്‍ന്നതോടെ യുവാവ് ഇവരുടെ ബന്ധത്തെക്കുറിച്ച് സത്യവാന്റെ ഭാര്യയേയും മകനേയും വീട്ടിലെത്തി അറിയിച്ചു.

ഇതിന് പിന്നാലെ സത്യവാന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറുകയും ഇരുവരേയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ യുവതിയുടെ ഇടത് കണ്ണിന് താഴെയുള്ള നാല് അസ്ഥികള്‍ പൊട്ടിയിട്ടുണ്ടെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊരട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും യുവതിയും ഭര്‍ത്താവും പറഞ്ഞു.

തന്റെ ഭാര്യയ്ക്ക് മുന്‍പും അമ്മയില്‍ നിന്നും ശാരീരിക ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവാവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡിസംബര്‍ 12ാം തിയതി തന്റെ അമ്മയും അവരുടെ ആങ്ങളയും ചേര്‍ന്ന് ഭാര്യയെ പട്ടിക കോല്‍ വെച്ച് തല്ലിയെന്നും വിവാഹം കഴിഞ്ഞ് ആറ് മാസത്തിനിടെ ക്രൂരമായ ആക്രമണമാണ് തന്റെ വീട്ടുകാരില്‍ നിന്നും ഭാര്യയ്ക്ക് നേരിടേണ്ടി വന്നതെന്നും ഇയാള്‍ പറഞ്ഞു.

അവര്‍ക്കെതിരെ ഒരു പരാതി പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും താന്‍ ശാരീരിക പീഡനം നടത്തിയെന്ന് പറഞ്ഞ് അവര്‍ വനിതാ സെല്ലില്‍ കള്ളക്കേസ് കൊടുത്തിരിക്കുകയാണെന്നും യുവാവ് ആരോപിച്ചു.

വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്താല്‍ മാത്രമേ ഇനി തനിക്കും തന്റെ ഭാര്യയ്ക്കും നീതി ലഭിക്കുകയുള്ളൂവെന്നും അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ കാര്യങ്ങള്‍ തുറന്നെഴുതുന്നതെന്നും യുവാവ് പറഞ്ഞു. താന്‍ നേരിടുന്ന പീഡനത്തെ കുറിച്ച് പൊലീസിലും വനിതാ സെല്ലിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതിയും പറഞ്ഞു.

We use cookies to give you the best possible experience. Learn more