പമ്പ: നിലയ്ക്കലില്‍ വീണ്ടും വാഹനങ്ങള്‍ തടയുന്നു. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയില്ലെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും എ.ഡി.ജി.പി അനില്‍ കാന്ത് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നത്.
ബസ്സില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീയേയും ബന്ധുവിനേയും പിടിച്ചിറക്കി പ്രതിഷേധക്കാര്‍ മര്‍ദിച്ചു. വനിതാ പൊലീസുകാര്‍ അടക്കമുള്ള പൊലീസ് സംഘം നോക്കിനില്‍ക്കെയാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ഇവര്‍ ശബരിമലയിലേക്ക് പോകാന്‍ എത്തിയവരാണോ എന്ന് വ്യക്തമല്ല.
ഇന്ന് രാവിലെ മുതല്‍ തന്നെ പമ്പയിലേക്ക് പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളെ പ്രതിഷേധക്കാര്‍ ഇറക്കി വിടുന്നുണ്ട്. രാവിലെ 11 മണിക്ക് എത്തിയ ബസില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥിനികളെ സമരക്കാര്‍ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് നിയമം കയ്യിലെടുത്തുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസുകാരെയും നിലയ്ക്കലിലേക്ക് നിയോഗിച്ചിരുന്നു.
സ്ഥലത്ത് റിപ്പോര്‍ട്ടിങ്ങിനായെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരാണെന്നും കഴിഞ്ഞദിവസവും വാര്‍ത്തയ്ക്കായി എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ വകവെച്ചില്ല. സ്ത്രീകളുള്‍പ്പെടെയുള്ള സംഘമാണ് വാഹനങ്ങള്‍ തടഞ്ഞുവെച്ച് സ്ത്രീകളെ തടയുന്നത്.