ഹെറാത്ത്: ലോകം സാധാരണക്കാരായ അഫ്ഗാനിസ്ഥാന്‍ ജനങ്ങളോടൊപ്പം നിലകൊള്ളണമെന്നും അവര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണമെന്ന് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി. സ്ത്രീകളെയും കുട്ടികളെയും ചേര്‍ത്തുപിടിക്കുകയും അഫ്ഗാന്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി താലിബാനെ സമ്മര്‍ദത്തിലാക്കുന്ന നീക്കങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ആരംഭിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലക്ഷക്കണക്കിന് വരുന്ന അഫ്ഗാനികളെ കുറിച്ച് ആശങ്കപ്പെടുന്നുണ്ടെന്നും താന്‍ നിസ്സഹായനാണെന്നും അദ്ദേഹം പറഞ്ഞു.
വീട് വിട്ട് ഇറങ്ങിപോരുകയും നിലനില്‍പ്പിന് വേണ്ടി പൊരുതുകയും ചെയ്യുന്ന ജനങ്ങളെ പറ്റിയാണ് പ്രധാന ആശങ്ക. അവര്‍ എങ്ങോട്ട് പോകുമെന്നോ അവര്‍ക്ക് എന്ത് സംഭവിക്കുമെന്നോ ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും ഖാലിദ് ഹൊസൈനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
പക്ഷേ കൂടുതല്‍ ആശങ്കപ്പെടുന്നത് അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും ആലോചിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ‘മറ്റാരേക്കാളും ബുദ്ധിമുട്ടുന്നത് അവരാണ്. എന്റെ മനസില്‍ ഇന്നും തങ്ങിനില്‍ക്കുന്ന ചിത്രങ്ങളിലൊന്ന് 1990ല്‍ ബുര്‍ക്ക ധരിച്ച സ്ത്രീയെ തല്ലുന്ന താലിബാന്‍ ഭീകരനെയാണ്. അവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തി. ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും ആഭരണങ്ങള്‍ അണിയാനുമുള്ള അധികാരം പോലും എടുത്തുകളഞ്ഞു. സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ചിരിക്കുന്നതില്‍ നിന്നുപോലും അവര്‍ വിലക്കി’യെന്നും ഖാലിദ് ഹൊസൈനി ഫേസ്ബുക്കില്‍ എഴുതി.
നേരത്തെ അഫ്ഗാനിസ്ഥാനിലെ പ്രശ്സത സംവിധായകയായ സഹ്‌റ കരിമിയും താലിബാനിനെതിരെ പ്രതികരിച്ചിരുന്നു. അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കയുണ്ടെന്നായിരുന്നു സഹ്‌റ കരിമി പറഞ്ഞത്.
തുറന്ന കത്തിലായിരുന്നു സഹ്‌റയുടെ പ്രതികരണം. ‘താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. എന്നാല്‍ അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി. താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിലെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു,’ സഹ്‌റ കരിമി എഴുതിയ കത്തില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനെ രക്ഷിക്കണമെന്നും ലോകരാജ്യങ്ങളോട് കൈയ്യൊഴിയെരുതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാനും അഭ്യര്‍ത്ഥിച്ചിരുന്നു. ആയിരകണക്കിന് നിരപരാധികളും കുട്ടികളും സ്ത്രീകളും കൊല ചെയ്യപ്പെടുകയാണെന്നും നിരവധി കുടുംബങ്ങള്‍ താമസം മാറിയെന്നും റാഷിദ് ഖാന്‍ പറഞ്ഞിരുന്നു.
അതേസമയം അഫ്ഗാനിലെ പ്രധാന പ്രവിശ്യകളെല്ലാം താലിബാന്‍ കയ്യടക്കി കഴിഞ്ഞു. തലസ്ഥാന നഗരമായ കാബൂളിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങളും താലിബാന്‍ പരിധിയിലായി.
പോരാട്ടം തുടരുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും നിലവിലെ സര്‍ക്കാരിന് താലിബാനെതിരെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുളെല്ലാം സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ അഫ്ഗാന്‍ പൂര്‍ണ്ണമായും താലിബാന്‍ പരിധിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം ആരംഭിച്ചു കഴിഞ്ഞു.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്.
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.