| Tuesday, 7th November 2023, 9:56 am

ഗസയില്‍ ഇരകളാക്കപ്പെടുന്നത് കുഞ്ഞുങ്ങളും സ്ത്രീകളും; യുദ്ധത്തിന് അറുതി വരുത്തണം: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളുടെ ഇരകളാക്കപ്പെടുന്നത് സ്ത്രീകളും നവജാതശിശുക്കളുമെന്ന് യു.എന്‍. ഗസയിലേക്ക് കൂടുതല്‍ മരുന്നുകളും ഭക്ഷണവും വെള്ളവും ഇന്ധനവും എത്തിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യാവകാശ സംഘടനകള്‍ക്ക് ഗസയിലേക്ക് കടക്കാന്‍ സൗകര്യമൊരുക്കണമെന്നും യുദ്ധത്തിന് താല്‍കാലികമായെങ്കിലും അറുതി വരുത്തണമെണെന്നും യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രഈല്‍ ആക്രമണത്തിന് ശേഷം ഗസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നും ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇസ്രഈലിന്റെ നിരന്തര ബോംബാക്രമണവും ഗസയ്ക്കുമേലുള്ള ഉപരോധവും കാരണം വെള്ളം,ഭക്ഷണം വൈദ്യുതി, മരുന്ന് എന്നിവയ്ക്ക് രൂക്ഷ ക്ഷാമം നേരിടുകയാണ്. ഇതിനാല്‍ ഗസയിലെ 35 ആശുപത്രികളില്‍ 16 എണ്ണവും താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്. ബാക്കിയുള്ളവയും അടിയന്തര സേവനങ്ങള്‍ മാത്രമായി വെട്ടിചുരുക്കിയിട്ടുണ്ട്.

ഇതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ വീടുകളിലോ, തെരുവിലോ അഭയാര്‍ത്ഥി ക്യാമ്പുകളിലോ വൃത്തിഹീന സാഹചര്യങ്ങളിലാണ് പ്രസവിക്കുന്നത്. ഇത് ഇസ്രഈല്‍ സൈനിക നടപടിയുടെ ലക്ഷ്യമാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

നവംബര്‍ ഒന്നിന് മാറ്റി സ്ഥാപിച്ച മെറ്റേണിറ്റി ഹോസ്പിറ്റലായ അല്‍ ഹിലോയ്ക്ക് നേരെയും ഷെല്ലാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇസ്രഈലിന്റെ യുദ്ധം കാരണമുള്ള മാനസിക സമ്മര്‍ദങ്ങളാല്‍ ഗര്‍ഭം അലസല്‍, ചാപിള്ളകളെ പ്രസവിക്കല്‍, മാസം തികയാതെയുള്ള പ്രസവം എന്നിവയില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതായി യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉയര്‍ന്നുവരുന്ന ഭക്ഷണ ദൗര്‍ലഭ്യം ഗസയിലെ ഗര്‍ഭിണികള്‍ക്കിടയില്‍ പോഷകാഹാര കുറവിന് കാരണമായിട്ടുണ്ട്. ഗസയിലെ 50000 ഗര്‍ഭിണികളില്‍ 15 ശതമാനം പേര്‍ ഗര്‍ഭ -പ്രസവസംബന്ധമായ സങ്കീര്‍ണതകള്‍ നേരിടുന്നുണ്ട്. ഇതിനാല്‍ മാതൃമരണങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.

മെഡിക്കല്‍ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം കാരണം അനസ്‌തേഷ്യ കൂടാതെയാണ് സിസേറിയനുകള്‍ നടക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ 130 ഓളം ശിശുക്കള്‍ക്ക് ഇന്‍ക്യുബേറ്റര്‍ സൗകര്യം നല്‍കാന്‍ സാധിക്കുന്നില്ല.

4600 ഓളം സ്ത്രീകള്‍ക്കും 380 കുട്ടികള്‍ക്കും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ട്. പോഷകാഹാര കുറവ്, നിര്‍ജ്ജലീകരണം, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാനും ജീവന്‍ അപകടത്തിലാവാനും സാധ്യതയുണ്ട്.

ഒക്ടോബര്‍ ഏഴിന് തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 2,600 സ്ത്രീകളും 4,104 കുട്ടികളും കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തില്‍ ഇതുവരെ 67 ശതമാനം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

content highlight: women and children are the victim of Isreal attack on Gaza

Latest Stories

We use cookies to give you the best possible experience. Learn more