ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം; ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കി
Sabarimala
ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം; ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 11:43 am

ന്യൂദല്‍ഹി: ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം. കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കി. ആര്‍ത്തവകാലത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം വിലക്കിക്കൊണ്ടുള്ള ചട്ടമാണ് റദ്ദാക്കിയത്.

ശാരീരികമായ കാരണത്താല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവീകകാരണം മാനദണ്ഡമാകരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഇതോടുകൂടി നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീകളോടുള്ള ജൈവീകമായ വിവേചനമാണ് എടുത്തുമാറ്റപ്പെട്ടത്.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. .

സുപ്രീം കോടതി സ്ത്രീകളെ ചെറുതായോ ദുര്‍ബലരായോ കാണേണ്ടതില്ലെന്നും ഇരട്ട നയം സ്ത്രീകളുടെ അന്തസ് ഇടിക്കുന്നതാണെന്നും ശാരീരിക ജൈവിക കാരണങ്ങള്‍ വിശ്വാസത്തിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് താഴെയല്ല. ശബരിമല വിശ്വാസി സമൂഹം എന്ന പ്രത്യേക ഗണമില്ല. എന്‍.എസ്.എസും ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുള്ളവര്‍ ഉന്നയിച്ച വാദവും സുപ്രീം കോടതി തള്ളി.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാര്‍ക്കും ഒരു അഭിപ്രായവും ഇന്ദു മല്‍ഹോത്രയ്ക്ക് മാത്രം മറ്റൊരു അഭിപ്രായവുമായിരുന്നു.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് പ്രധാന ഹര്‍ജിക്കാര്‍.

ശബരിമലയില്‍ എന്തിന് സ്ത്രീപ്രവേശനം വിലക്കണമെന്ന ചോദ്യമാണ് വാദത്തിനിടെ ഒട്ടേറെ തവണ അഞ്ചംഗഭരണഘടനാബെഞ്ച് ചോദിച്ചത്. ശബരിമലയിലെ ആചാരങ്ങള്‍ സ്ത്രീകളുടെ മൗലികാവകാശം നിഷേധിക്കുന്നതാണോയെന്നും കോടതി പരിശോധിച്ചു. ആചാരങ്ങളുടെ പഴക്കവും കോടതിയുടെ ശ്രദ്ധയിലെത്തി.