'ഇതിലും ഭേദം ജയിലാണ്' സുനിതാ കൃഷ്ണന്റെ പ്രജ്വാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അന്തേവാസിയായിരുന്ന യുവതി
national news
'ഇതിലും ഭേദം ജയിലാണ്' സുനിതാ കൃഷ്ണന്റെ പ്രജ്വാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അന്തേവാസിയായിരുന്ന യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 3:28 pm

 

ഹൈദരാബാദ്: ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് കേന്ദ്രമായുള്ള എന്‍.ജി.ഒയായ പ്രജ്വലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അവിടെ അന്തേവാസിയായിരുന്ന സ്ത്രീകള്‍. പ്രജ്വല നടത്തുന്ന സ്ഥാപനങ്ങളില്‍ കൂലി നല്‍കാതെ ജോലി ചെയ്യിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്.

പ്രജ്വലയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളും ലൈംഗിക തൊഴിലാളികളായിരുന്ന സ്ത്രീകളുമാണ് ആരോപണവുമായി രംഗത്തുവന്നതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രജ്വലയുടെ കീഴിലുള്ള കേന്ദ്രത്തില്‍ ഒരുവര്‍ഷത്തോളം താമസിക്കേണ്ടിവന്ന യുവതിയുടെ അനുഭവം വിശദീകരിച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍ അന്തേവാസികളായ സ്ത്രീകള്‍ അവിടെ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങള്‍ തുറന്നുകാട്ടുന്നത്.

Also Read:വി.എച്ച്.പി റാലി: അയോധ്യയിലെ മുസ്‌ലീങ്ങള്‍ ഭീതിയില്‍, സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് ലക്‌നൗവിലേക്ക് വരാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

കഴിഞ്ഞവര്‍ഷം പട്ടാപ്പകല്‍ ഹൈദരാബാദിലെ ഒരു തെരുവില്‍ വെച്ച് മൂന്നുപേര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നാണ് ആക്രമണത്തിന് ഇരയായ സ്ത്രീ പറഞ്ഞത്. മുടിയില്‍ ചുഴറ്റി കഴുത്തിനു പിടിച്ചായിരുന്നു അവര്‍ കൊണ്ടുവന്നത്. പിന്നീട് 45 മൈല്‍ അകലെയുള്ള വൈദ്യുതി വേലിയുള്ള ഒരു കോമ്പൗണ്ടില്‍ പൂട്ടിയിട്ടു. വീട്ടുകാരെ വിളിക്കാന്‍ അനുമതി നല്‍കണമെന്ന് പലവട്ടം അപേക്ഷിച്ചും അവര്‍ അനുവദിച്ചില്ലെന്നും അവര്‍ പറയുന്നു.

“ഇതിലും ഭേദം ജയിലായിരുന്നു. കുറഞ്ഞത് നമുക്ക് നമ്മുടെ കുടുംബത്തെയെങ്കിലും കാണാന്‍ കഴിയുമായിരുന്നു.” എന്നു പറഞ്ഞാണ് അവര്‍ പ്രജ്വാലയിലെ അനുഭവങ്ങള്‍ വിശദീകരിക്കുന്നത്.

ഒരുവര്‍ഷത്തോളം തന്നെ പിടിച്ചുവെച്ച് തയ്യല്‍ ജോലികള്‍ ചെയ്യിക്കുകയും ബാത്ത്‌റൂം വൃത്തിയാക്കുകയും ചെയ്തു. പണം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇതെല്ലാം ചെയ്യിച്ചതെങ്കിലും ഒരു രൂപപോലും തന്നിട്ടില്ലെന്നും അവര്‍ പറയുന്നു.

യു.എസ് സര്‍ക്കാറില്‍ നിന്നും യു.എന്നില്‍ നിന്നുമൊക്കെ കോടിക്കണക്കിന് രൂപ ഫണ്ടായി സ്വീകരിക്കുന്ന പ്രജ്വലയിലെ ജീവനക്കാരും പൊലീസും അടങ്ങുന്ന സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവതി പറയുന്നത്. ലൈഫ് സ്‌കില്‍സ്” പദ്ധതിയെന്നു പ്രജ്വാല വിശേഷിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൂലിയില്ലാതെ ഇവര്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: അപകടം നടന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറെന്ന് സാക്ഷിമൊഴി

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് പ്രജ്വല സ്ഥാപകയായ സുനിതാ കൃഷ്ണന്‍. 2009ല്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ ലിസ്റ്റില്‍ സുനിതയുമുണ്ടായിരുന്നു.

എന്നാല്‍ ലോകത്തിനു മുമ്പില്‍ സുനിതാ കൃഷ്ണന്‍ അവകാശപ്പെടുന്ന രീതിയിലല്ല പ്രജ്വാലയിലെ സ്ത്രീ ജീവിതം എന്നാണ് അവിടെ കഴിഞ്ഞ ലൈംഗിക തൊഴിലാളികളും ആക്ടിവിസ്റ്റുകളും, ജോലിക്കാരുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.