ഹര്‍ത്താലിനിടെ തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം; ആട്ടിയോടിച്ച് സ്ത്രീകള്‍, വീഡിയോ
Kerala News
ഹര്‍ത്താലിനിടെ തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം; ആട്ടിയോടിച്ച് സ്ത്രീകള്‍, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 4:37 pm

കൊല്ലം: കൊല്ലത്ത് തൊഴിലുറപ്പ് ജോലി തടയാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഓടിച്ചു. തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകള്‍ക്കു നേരെ ആക്രോശിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഓടിക്കുകയായിരുന്നു.

വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു വെച്ചോ എന്നും ഞങ്ങള്‍ ജോലിയെടുക്കുമെന്നും സ്ത്രീകള്‍ പറയുന്നുണ്ട്. സ്ത്രീകളുടെ പ്രതിരോധത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

അതേസമയം, കൊല്ലം നെടിയറയില്‍ കട അടപ്പിക്കാനെത്തിയ ബി.ജെ.പി-കര്‍മ്മസമിതി പ്രവര്‍ത്തകരെ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തിരിച്ചയച്ചു. ഹര്‍ത്താലിനോട് ആഭിമുഖ്യം ഉള്ളവര്‍ കടയടയ്ക്കട്ടെ എന്ന നിലപാടാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ സ്വീകരിച്ചത്.


അല്ലാത്തവരെ നിര്‍ബന്ധിച്ച് കട അടപ്പിക്കാം എന്ന് കരുതേണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയതോടെ ബി.ജെ.പി-കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. നിര്‍ബന്ധിച്ച് കടയടപ്പിക്കലൊക്കെ നേരെ വീട്ടില്‍ ചെന്ന് കാട്ടിയാല്‍ മതിയെന്നും ആളുകള്‍ പറഞ്ഞതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

അതേസമയം, കോഴിക്കോടും കാസര്‍കോടും തൃശൂരും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൃശൂര്‍ വാടാനപ്പള്ളിയില്‍ വെച്ചാണ് മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പ്രദേശത്ത് ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകരായ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചു. ഏങ്ങണ്ടിയൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനു കുത്തേറ്റു. കോഴിക്കോട് പ്രകടനം കഴിഞ്ഞു മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകനു ചേവായൂരില്‍ വെച്ചാണ് വെട്ടേറ്റത്. അനില്‍കുമാര്‍ അങ്കോത്തിനാണ് (46) വെട്ടേറ്റത്.


കാസര്‍കോട് ബൈക്കിലെത്തിയ സംഘം ബി.ജെ.പി നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കൈയ്ക്കു കുത്തേറ്റത്. കാസര്‍കോടിനടുത്ത് നുള്ളിപ്പാടി പെട്രോള്‍ പമ്പിനു സമീപം നില്‍ക്കുകയായിരുന്ന ഗണേഷിനെ ബൈക്കിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി.

വീഡിയോ കാണാം