ഭര്‍തൃ പിതാവിന്റെ പീഡനം സംബന്ധിച്ച് പരാതിപ്പെട്ടതിന് വീട്ടില്‍നിന്നും പുറത്താക്കി: വീട്ടുപടിക്കല്‍ മുസ്‌ലിം യുവതിയുടെ സമരം
Kerala
ഭര്‍തൃ പിതാവിന്റെ പീഡനം സംബന്ധിച്ച് പരാതിപ്പെട്ടതിന് വീട്ടില്‍നിന്നും പുറത്താക്കി: വീട്ടുപടിക്കല്‍ മുസ്‌ലിം യുവതിയുടെ സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th July 2017, 4:09 pm

കോഴിക്കോട്: ഭര്‍തൃപിതാവിന്റെ പീഡനം സംബന്ധിച്ച് പുറത്തുപറഞ്ഞതിന്റെ പേരില്‍ യുവതിയേയും പിഞ്ചുകുട്ടികളേയും വീട്ടില്‍ നിന്നും പുറത്താക്കി. കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ യുവതിയെയാണ് ഇറക്കിവിട്ടത്.

നരിപ്പറ്റ രായച്ചംകണ്ടി സ്വദേശി അന്ത്രു ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നു പരാതിപ്പെട്ടതിന്റെ പേരിലാണ് യുവതിയെ ഇറക്കിവിട്ടത്. ഭര്‍തൃപിതാവിനെതിരെ വീട്ടുപടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് യുവതി.
ജനാധിപത്യ മഹിളാഅസോസിയേഷന്റെ നേതൃത്വത്തിലാണ് വീട്ടുപടിക്കല്‍ സമരം തുടങ്ങിയത്.

ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃപിതാവിന്റെ ശല്യം സഹിക്കവയ്യാതായതോടെ ഇക്കാര്യം അയല്‍വീട്ടുകാരെ അറിയിച്ചു. ഇതോടെ തന്നെ അയാള്‍ വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നെന്നാണ് യുവതി പറയുന്നത്.

“ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതിനെ ചോദ്യം ചെയ്തു. അപ്പോഴാണ് വീട്ടില്‍ നിന്നറിക്കിവിടാന്‍ തീരുമാനിച്ചതും ഒരു ദിവസം അര്‍ധരാത്രി വീട്ടില്‍ നിന്നും ഇറക്കിവിട്ടതും.” മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറയുന്നു.

ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം വീട്ടിലേക്കു തിരിച്ചുപോയെങ്കിലും ഇയാള്‍ അനുവദിച്ചില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു.

തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.