മുംബൈ: ജുഹു ബീച്ചില്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുഖത്തും കഴുത്തിലും നിരവധി മുറിവുകളോടെയാണ് മൃതദേഹം. ഇന്നലെ രാവിലെ സമീപവാസികളാണ് തീരത്ത് ഉപേക്ഷിച്ച നിലയില്‍ വലിയൊരു ബാഗ് കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സാന്താക്രൂസ് പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. 20 വയസ് പ്രായം തോന്നിക്കുന്ന യുവതി കറുപ്പും പച്ചയും ചേര്‍ന്ന വസ്ത്രവും കഴുത്തില്‍ മംഗള്‍സൂത്രയും ആണ് അണിഞ്ഞിരിക്കുന്നത്. ശരീരത്തിന്റെ പിന്‍കഴുത്തില്‍ ടാറ്റുവും പതിച്ചിട്ടുണ്ട്.
Also Read: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കി ആസ്ട്രേലിയയും
പ്രഥമദൃഷ്ട്യാ ഇത് കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. ഒരു മാലാഖയോട് സാമ്യമുളള രൂപമാണ് ടാറ്റു യുവതിയുടെ പിന്‍കഴുത്തില്‍ പതിപ്പിച്ചിരിക്കുന്നത്.
നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കാണാതായവരുടെ പട്ടിക പൊലീസ് ശേഖരിക്കുകയാണ്. കഴിഞ്ഞ മേയിലും സമാനമായ സംഭവം മുംബൈയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.