ന്യൂദല്‍ഹി: വയറ്റില്‍ 106 കൊക്കൈന്‍ കാപ്‌സ്യൂളുകളുമായി 25 കാരിയായ ബ്രസീലിയന്‍ യുവതിയെ ഐ.ജി.ഐ എയര്‍പോര്‍ട്ടില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.
ഈ മാസം 14നാണ് സാവോ പോളോയില്‍ നിന്ന് ദല്‍ഹിയിലെത്തിയ യുവതിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തത്. ആറു ദിവസങ്ങള്‍ കൊണ്ടാണ് യുവതിയുടെ വയറ്റില്‍ നിന്ന് കാപ്‌സ്യൂളുകള്‍ പുറത്തെടുത്തത്.
930 ഗ്രാം കൊക്കൈനാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നത്. സൗത്ത് അമേരിക്കന്‍ കൊക്കൈനായ ഇവയ്ക്ക് ആറ് കോടി രൂപയോളം വിലവരുമെന്ന് എന്‍.സി.ബി അറിയിച്ചു. യുവതിയുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
വിഴുങ്ങിക്കടത്തുന്ന കൊക്കൈനുകളില്‍ എന്‍.സി.ബിയുടെ ദല്‍ഹി ബ്യൂറോ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ അളവാണിതെന്ന് എന്‍.സി.ബി സൂപ്രണ്ട് വിശ്വ വിജയ് പറഞ്ഞു.
Read | നവാസ് ഷരീഫിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ചു; പാകിസ്താനില്‍ ഡോണ്‍ പത്രത്തിന് അപ്രഖ്യാപിത വിലക്ക്
ദല്‍ഹിയിലെത്തിച്ച ശേഷം ഒരു നൈജീരിയക്കാരന് കൊക്കൈന്‍ കൈമാറാനായിരുന്നു പദ്ധതി. ദല്‍ഹിയിലെ കരോള്‍ ബാഗ് ഹോട്ടലിലെത്തി അടുത്ത നിര്‍ദ്ദേശത്തിനായി കാത്തിരിക്കാനാണ് സാവോ പോളോയിലുള്ള ഡീലര്‍ അറിയിച്ചതെന്ന് യുവതി എന്‍.സി.ബിയോട് പറഞ്ഞു.
ഇന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി. ഇവര്‍ ഇതിന് മുന്‍പ് മൂന്ന് തവണ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് എന്‍.സി.ബി അറിയിച്ചു.