| Thursday, 17th June 2021, 9:32 am

ആര്‍.സി.സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  ആര്‍.സി.സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കൊല്ലം പത്തനാപുരം സ്വദേശി നദീറ മരിച്ചത്. 22 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ന്യൂറോളജി ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മെയ് 15 നായിരുന്നു രോഗിയായ അമ്മയെ സന്ദര്‍ശിക്കാനെത്തിയ നദീറ അപകടത്തില്‍പ്പെട്ടത്. അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ നദീറയുടെ തലച്ചോറിനും തുടയെല്ലിനുമായിരുന്നു പരിക്കേറ്റത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

തുടര്‍ന്ന്  പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. നദീറയ്ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികളില്‍ അറ്റകുറ്റപ്പണികളോ പ്രവൃത്തികളോ നടക്കുന്നതു മൂലം രോഗികള്‍ക്ക് പ്രയാസം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

woman who was undergoing treatment died when the lift in the RCC collapsed

We use cookies to give you the best possible experience. Learn more