| Tuesday, 16th October 2018, 10:41 pm

കന്യകാത്വ പരിശോധന നടത്താന്‍ വിസമ്മതിച്ചതിന് യുവതിക്ക് സമുദായ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന നടത്താന്‍ വിസമ്മതിച്ചതിന് യുവതിക്ക് സമുദായം വിലക്കേര്‍പ്പെടുത്തി. പൂനെയിലാണ് സംഭവം. ദന്‍ദിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് യുവതിക്ക് സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കഞ്ജര്‍ബത് സമുദായത്തിലെ അംഗമാണ് യുവതി. വിവാഹത്തിന് മുമ്പ് കന്യകാത്വം പരിശോധിക്കണമെന്നാണ് ഈ സമുദായത്തിന്റെ പരമ്പരാഗതമായ ആചാരം. എന്നാല്‍ യുവതി ഇതിന് തയ്യാറായിരുന്നില്ല. എന്നാല്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചയാള്‍ യുവതിക്കൊപ്പമാണ് നിന്നത്. എന്നാല്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ സമുദായ ആചാരം തെറ്റിച്ചതിന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.


ദന്‍ദിയ പരിപാടിയില്‍ നൃത്തം ചെയ്യുമ്പോള്‍ സംഘാടകര്‍ രോഷകുലരായിരുന്നുവെന്ന് യുവതി പറയുന്നു. തുടര്‍ന്ന് അമ്മ വീട്ടിലേയ്ക്ക് പോകാന്‍ പറയുകയായിരുന്നു എന്നും യുവതി പറഞ്ഞു.

“ദന്‍ദിയ പരിപാടിയില്‍ ഞാന്‍ ഇരുപത് മിനിറ്റോളം നൃത്തം ചെയ്തു. ഇതിനിടെ പെട്ടെന്ന് ആരോ പാട്ട് നിറുത്തി. എന്റെ അമ്മ വന്ന് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ സംഘാടകര്‍ രോഷകുലരായിരുന്നുവെന്നും” യുവതി പറഞ്ഞു.

വിലക്കിനെതിരെ യുവതി പിംപ്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എട്ടു പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ സഹായത്തോടെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഊരുവിലക്കിന് എതിരായ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more