ചെമ്മാംമുക്ക്: കൊല്ലത്ത് കാറില്‍ പോകുകയായിരുന്ന യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. കൊല്ലം ചെമ്മാംമുക്കിലാണ് സംഭവം. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് കൊല്ലപ്പെട്ടത്.
അനിലയുടെ പങ്കാളിയായ പത്മരാജനാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്ന സുഹൃത്തിനും പൊള്ളലേറ്റിട്ടുണ്ട്. അനില ഒരു ബേക്കറി നടത്തിവരികയായിരുന്നു. ബേക്കറിയിലെ ജീവനക്കാരനായ സോണിയ്ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. സോണി ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈസ്റ്റ് പൊലീസാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ദൃക്സാക്ഷികളും ഫയര്‍ ഫോഴ്‌സും പറയുന്നത് അനുസരിച്ച് കാര്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്.
അനില സഞ്ചരിച്ചിരുന്ന കാര്‍ ഒമിനി ഉപയോഗിച്ച് പത്മരാജന്‍ തടയുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ കാറിനുള്ളിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവ സമയം ആളുകള്‍ ഓടി കൂടിയെങ്കിലും കാറില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചു. പത്മരാജന്‍ സഞ്ചരിച്ച വാഹനം ഉള്‍പ്പെടെ കത്തിയിട്ടുണ്ട്.