ഷില്ലോങ്: മേഘാലയയില്‍ വിവാഹേതര ബന്ധം ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട മര്‍ദനം. സംസ്ഥാനത്തെ വെസ്റ്റ് ഗാരോ ഹില്‍സിലെ ദാദേങ്‌ഗ്രെയില്‍ ആണ് സംഭവം. കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ നാട്ടുകൂട്ടത്തില്‍ എത്തിച്ചേര്‍ന്ന യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ നാല്‍വര്‍ സംഘം ആക്രമിക്കുകയായിരുന്നു. ഇവര്‍ യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും വടികൊണ്ട് മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതിയുടെ ബന്ധുക്കളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്നുതന്നെ അറസ്റ്റ് ചെയ്തെന്നും ബാക്കിയുള്ളവര്‍ കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് എബ്രഹാം ടി. സാംഗ്മ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
ഇതിനുപുറമെ വനിതാ ശാക്തീകരണത്തിനായുള്ള മേഘാലയ നിയമസഭാ സമിതി അധ്യക്ഷയായ എം.എല്‍.എ സാന്താ മേരി ഷില്ല സംഭവത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യുവതിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി എതിര്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും പൊലീസ് മേധാവിയ്ക്ക് മേരി ഷില്ല നിര്‍ദേശം നല്‍കുകയുമുണ്ടായി.
കൂടാതെ ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.