ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.
പട്ടാപ്പകല്‍ ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മര്‍ദനം തടയുന്നതിന് പകരം കാഴ്ചക്കാരായി നിന്ന് വീഡിയോ പകര്‍ത്തുക മാത്രമാണ് ചുറ്റും കൂടി നിന്നവര്‍ ചെയ്തതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവത്തില്‍ കേസെടുത്തതായി ധാര്‍ പൊലീസ് അറിയിച്ചു. സംഭവം നടന്ന പ്രദേശം കണ്ടെത്തിയതായി ധാര്‍ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിങ്ങിനെ ഉദ്ധരിച്ച് കൊണ്ട് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂറിന്റെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മന്ത്രി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
യുവതിയെ ചില പുരുഷന്‍മാര്‍ പിടിച്ചുവെച്ച് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ യുവതിയെ സഹായിക്കാന്‍ ആരും ശ്രമിച്ചില്ലെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കേസിലെ മുഖ്യപ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതായി ധാര്‍ പൊലീസ് അറിയിച്ചു. മറ്റ് പ്രതികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Woman thrashed brutally with stick in Madhya Pradesh; video