national news
ബലാത്സംഗം ചെറുക്കാന്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ചാടി അധ്യാപിക; ഗുരുതര പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 26, 12:20 pm
Thursday, 26th January 2023, 5:50 pm

പട്‌ന: ബലാത്സംഗ ശ്രമത്തിനിടെ ബസില്‍ നിന്ന് ചാടിയ അധ്യാപികക്ക് പരിക്ക്. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് 35 കാരിയായ അധ്യാപികയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത വേഗതയില്‍ പോയിക്കൊണ്ടിരുന്ന ബസില്‍ നിന്ന് അധ്യാപിക ചാടുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ബിഹാറിലെ ബയാസി പൊലീസ് സ്റ്റേഷന് കീഴിലുള്ള ദല്‍കോല ചെക്‌പോസ്റ്റിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശിയായ അധ്യാപികക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ് പൂര്‍ണിയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അധ്യാപികയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബിഹാറിലെ വൈശാലിയില്‍ നിന്ന് സിലിഗുരിയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസിലാണ് ബലാത്സംഗ ശ്രമം നടന്നത്.

‘വൈശാലിയില്‍ നിന്ന് ബസ് എടുത്തപ്പോള്‍ ആളുകളെ കൊണ്ട് ബസ് നിറഞ്ഞിരുന്നു. എന്നാല്‍, പൂര്‍ണിയയില്‍ ബസ് എത്തിയപ്പോള്‍ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ അഞ്ച് പേര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്.

അവര്‍ എന്നോട് മോശം കമന്റുകള്‍ പറയാന്‍ തുടങ്ങി, മോശമായി പെരുമാറി. ഞാന്‍ സഹായത്തിനായി അലറിവിളിച്ചു. എന്നാല്‍ ഡ്രൈവറും കണ്ടക്ടറും അവരെ ഭയന്ന് എന്നെ സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഞാന്‍ ബസില്‍ നിന്ന് ചാടി,’ അധ്യാപിക മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വഴിയാത്രക്കാരായ ചിലരാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

‘സംഭവത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ച ഉടനെ തന്നെ അവിടേക്ക് പട്രോളിങ് ടീമിനെ അയച്ചു. തുടര്‍ന്ന് പൊലീസ് സംഘം അവരെ രക്ഷപ്പെടുത്തി, അടുത്തുള്ള മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭത്തിലെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്,’ പൂര്‍ണിയ എസ്.പി ആമിര്‍ ജാവേദ് പറഞ്ഞു.

Content Highlight: Woman teacher jumps off speeding bus in Bihar’s Purnea after rape attempt