ഗസ: ഗസ നഗരത്തിലെ ഇസ്രഈലി ആക്രമണത്തിൽ നിന്ന് രക്ഷ തേടി യു.എൻ.ആർ.ഡബ്ല്യൂ.എ സ്കൂളിൽ അഭയം തേടിയ നിരവധി ആളുകളിൽ ഒരാളായിരുന്നു ഓം അഹ്‌മദ് ജെന്റിയ.
ഒക്ടോബർ 11ന് നാല് കുട്ടികളെയും കൊണ്ട് വീട് വിട്ടിറങ്ങിയ ജെന്റിയ യു.എൻ സ്കൂളായ തൽ അൽ ഹവ സുരക്ഷിതമായ ഇടമാകുമെന്ന് വിശ്വസിച്ചായിരുന്നു അഭയം തേടിയത്.
ജെന്റിയക്ക് 10 ദിവസത്തിൽ കൂടുതലായി കുളിക്കാൻ സാധിച്ചിരുന്നില്ല. കുളിക്കാൻ ഊഴം ലഭിച്ച് കുളിമുറിയിൽ കയറിയപ്പോഴായിരുന്നു ഇസ്രഈലി മിസൈൽ നെഞ്ചിൽ തുളച്ചുകയറി അവർ കൊല്ലപ്പെട്ടത്.
‘സ്ത്രീകളും പുരുഷന്മാരും കുളിമുറിക്ക് പുറത്ത് വരി നിൽക്കുകയാണ് പതിവ്. 10 ദിവസത്തിൽ കൂടുതലായി കുളിക്കാൻ സാധിക്കാതിരുന്ന ഓം അഹ്‌മദ് കുളിമുറിയിൽ കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവർ കയറിയ ഉടൻ തന്നെ ഇസ്രഈലി ആക്രമണം ആരംഭിച്ചിരുന്നു,’ സ്കൂളിൽ അഭയം തേടിയ കാമിൽ ഉബൈദ് പറഞ്ഞു.
ഗസ മുനമ്പിലെ 360 ചതുരശ്ര കി.മീ പരിധിയിൽ യു.എൻ.ആർ.ഡബ്ല്യൂ.എയുടെ ധാരാളം സ്കൂളുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനകം നൂറോളം ജീവനക്കാർ കൊല്ലപ്പെട്ടതായി യു.എൻ ഏജൻസി അറിയിക്കുന്നു.
ഇസ്രഈലി ആക്രമണത്തിൽ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെല്ലാം തകർന്നിരിക്കുകയാണ്. തൊട്ടടുത്തുള്ള ആംബുലൻസ് സേവനം ലഭ്യമാക്കാൻ പോലും സാധിച്ചില്ലെന്ന് അഭയാർത്ഥികൾ പറയുന്നു.
ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ ജെന്റിയ മരണപ്പെട്ടിരുന്നു. ബോംബാക്രമണം തുടരുന്നത് കാരണം അവരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും ബന്ധുക്കൾക്ക് സാധിച്ചിരുന്നില്ല. ജെന്റിയയുടെ നാല് മക്കളിൽ മൂത്തയാൾക്ക് വെറും 11 വയസ് മാത്രമാണ് പ്രായം. ജെന്റിയയെ ആശുപത്രിയിലേക്ക് അനുഗമിക്കാൻ പോലും മക്കൾക്ക് സാധിച്ചിരുന്നില്ല.
നവംബർ പത്തിന് ഗസയിലെ ആറ് ആശുപത്രികൾ ഇസ്രഈലി കരസേന വളഞ്ഞിരിക്കുകയാണ്. ഗസയിലെ ഏറ്റവും വലിയ ആശുപത്രിയും ആയിരക്കണക്കിന് ആളുകളുടെ അഭയകേന്ദ്രവുമായ അൽ ശിഫ ആശുപത്രിയെ തകർത്ത ഇസ്രഈലി സൈന്യം ആശുപത്രിയുടെ പ്രവേശന കവാടവും അടച്ചു.
Content Highlight: Woman taking shelter in UN school killed by Israeli air strike inside a bathroom