പാറ്റ്‌ന: ബീഹാറിലെ നവാഡ ജില്ലയില്‍ നക്‌സലുകള്‍ സ്ത്രീയുടെ തലവെട്ടി. പൊലീസിന് വേണ്ടി ചാരവൃത്തി നടത്തി എന്ന സംശയമാണ് 26-കാരിയായ സ്ത്രീയെ കൊല്ലാന്‍ കാരണമെന്ന് കുറിപ്പില്‍ പറയുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നാണ് കുറിപ്പ് ലഭിച്ചത്.
“പൊലീസിന് വേണ്ടി ചാരവൃത്തി നടത്തുകയും ജനകീയ വിപ്ലവത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത സ്ത്രീയാണ് ഇവള്‍. പ്രാദേശിക പൊലീസ് സ്റ്റേഷനിലെ അധികാരിയ്ക്കും ഇതേ ഗതി തന്നെയായിരിക്കും.” -മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കുറിപ്പില്‍ ഇങ്ങനെയാണ് എഴുതിയിരുന്നത്.
ബരഗാദ് ഗ്രാമത്തില്‍ നിന്നുള്ള ജയ ദേവിയാണ് കൊല്ലപ്പെട്ടത്. കവാകോല്‍ വനത്തിന് സമീപമുള്ള ഈ ഗ്രാമം മാവോയിസ്റ്റ് ബാധിത സസ്ഥാനമായ ഝാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ജയ ദേവിയുടെ ഭര്‍ത്താവ് ഈ ഗ്രാമത്തിന് പുറത്താണ് ജോലി ചെയ്യുന്നത്.
തന്റെ ചെറിയ കുട്ടിയോടൊപ്പമാണ് ജയ ദേവി താമസിക്കുന്നത്. ശനിയാഴ്ച രാവിലെ തന്റെ അമ്മയെ കാണാത്തതിനെ തുടര്‍ന്ന് ഈ കുട്ടി ഒച്ച വെയ്ക്കുകയായിരുന്നു.
ജയ ദേവിയെ കാണാതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കവാകോല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം അന്വേഷണത്തിനായി തിരിച്ചു. ഇതിനു ശേഷം നാട്ടുകാരാണ് വനത്തിന് സമീപത്ത് നിന്ന് തല വെട്ടിയ നിലയില്‍ ജയ ദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കൊല്ലപ്പെട്ട ജയ ദേവി പൊലീസിനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നു എന്ന വാദം പൊലീസ് നിഷേധിച്ചു. അവര്‍ ഇത് വരെ പൊലീസ് സ്റ്റേഷനില്‍ വന്നിട്ടു പോലുമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രൂരമായ കൊലപാതകം ഗ്രാമത്തിലാകെ ഭീതി പടര്‍ത്തിയിരിക്കുകയാണ്.