കാലിഫോര്‍ണിയ: അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നത്. യൂ ട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇവരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരില്‍ മൂന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്. 1700 ജീവനക്കാരാണ് യു ട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. അക്രമിയാരാണെന്നോ ഇതിനു പിന്നിലെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കൈതോക്കുമായെത്തിയ യുവതിയാണ് അക്രമം നടത്തിയതെന്നാണ് ദൃക്‌സാക്ഷികളും പൊലീസും പറയുന്നത്. യൂ ട്യൂബ് ആസ്ഥാനത്ത് നടന്ന വെടിവെപ്പില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. പൊലീസ് നടപടികള്‍ തുടരുകയാണ്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.