|

ജനഹൃദയം കീഴടക്കി യുവതി; കഴിഞ്ഞ മൂന്ന് വർഷമായി ദൽഹി ജുമാ മസ്ജിദിൽ ഇഫ്താർ വിരുന്ന് ഒരുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കഴിഞ്ഞ മൂന്ന് വർഷമായി ദൽഹി ജുമാ മസ്ജിദിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചുകൊണ്ട് ജനഹൃദയം കീഴടക്കി ഹിന്ദു യുവതി. ന്യൂദൽഹി സ്വദേശിയായ നേഹ ഭാരതിയാണ് ഇഫ്താർ വിരുന്ന് നടത്തുന്നത്. റംസാൻ ആരംഭിച്ചതു മുതൽ, നേഹ ഭാരതി തന്റെ സുഹൃത്തുക്കൾക്കൊപ്പം ദൽഹി ജുമാ മസ്ജിദിന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപം എല്ലാ ദിവസവും മുസ്ലിങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്നുണ്ട്. മതഭേദമില്ലാതെ എല്ലാവരും എല്ലാ ആഘോഷങ്ങളിലും പങ്കുകൊള്ളണമെന്ന് നേഹ ഭാരതി പറഞ്ഞു.

‘സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മതവുമായി ബന്ധപ്പെട്ട് നിരന്തരം നെഗറ്റീവ് വാർത്തകൾ വരുന്നുണ്ട്. ഇത് ശരിയല്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. മതങ്ങൾക്കപ്പുറം എല്ലാ ആഘോഷങ്ങളെയും ഒരുപോലെ നാം കാണണം. എനിക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു,’ നേഹ പറഞ്ഞു.

ഇഫ്താർ വിരുന്ന് നടത്തുന്നതിന് തന്റെ കുടുംബവും വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് നേഹ കൂട്ടിച്ചേർത്തു.

എവിടെ തുടങ്ങണമെന്ന് ആദ്യം നിശ്ചയമില്ലാതെ വന്ന നേഹ, തന്റെ വീടിനടുത്തായി സ്ഥിതി ചെയ്യുന്നതിനാലും റംസാൻ കാലത്ത് നിരവധി പേർ ഒത്തുചേരുന്ന സ്ഥലമായതിനാലും ജുമാ മസ്ജിദ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇഫ്താർ വിളമ്പുന്നതിനുള്ള ഫണ്ടിനായി നേഹ തുടക്കത്തിൽ തന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ആയിരുന്നു ആശ്രയിച്ചത്. ‘ഞാനും സുഹൃത്തുക്കളും ചേർന്ന് ചെറിയ തുകകൾ സ്വരൂപിച്ചുകൊണ്ട് ഞങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ആളുകൾ ഇത് ശ്രദ്ധിച്ചതോടെ വളരെയധികം പിന്തുണ ലഭിച്ചു. ഹിന്ദു സമൂഹത്തിൽ നിന്ന് സംഭാവനകൾ ലഭിക്കുന്നത് വളരെ സന്തോഷമുള്ളതാണ്. ഇപ്പോൾ പണം മാത്രമല്ല ഇഫ്താറിനുള്ള ഭക്ഷ്യവസ്തുക്കളും ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്,’ നേഹ പറഞ്ഞു.

ജുമാ മസ്ജിദിൽ ഇഫ്താർ വിതരണം ചെയ്ത ആദ്യ ദിവസം താണ് പൊട്ട് തൊട്ടിരുന്നെന്നും ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോൾ , ചിലർ തന്നെ കണ്ട് ഞെട്ടിഎന്നും നേഹ പറഞ്ഞു.

‘എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനുഭവമായിരുന്നു അത്. ജുമാ മസ്ജിദിൽ ഒരു ഹിന്ദു ഇഫ്താർ വിതരണം ചെയ്യുന്നത് ഇവിടെ ആദ്യമായിരുന്നു. അതും ഒരു സ്ത്രീ,’ നേഹ കൂട്ടിച്ചേർത്തു.

പിന്തുണയ്‌ക്കൊപ്പം ധാരാളം വിമർശനങ്ങളും വരുന്നുണ്ടെന്ന് നേഹ പറഞ്ഞു. ‘പലരും എന്റെ സോഷ്യൽ മീഡിയ ഫീഡുകളിൽ വന്ന് ഞാൻ ഇത് ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് കമന്റ് ചെയ്യാൻ തുടങ്ങി. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല,’ നേഹ പറഞ്ഞു.

Content Highlight: Woman serves iftar at Delhi’s Jama Masjid spreading communal harmony

Latest Stories

Video Stories