മുംബൈ: 23 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിന് ശാരീരികവൈകല്യങ്ങളുള്ളതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട പൂണെ സ്വദേശിയായ യുവതിയുടെ അപേക്ഷ തള്ളി ബോംബേ ഹൈക്കോടതി. കുട്ടിയുടെ ചുണ്ടിനും വായക്കും വൈകല്യങ്ങളുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു യുവതി കോടതിയെ സമീപിച്ചത്. ഇത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചത്.
ആഗസ്ത് 12 ന് നടത്തിയ സോണോഗ്രാം പരിശോധനയിലാണ് ഗര്‍ഭസ്ഥശിശുവിന് ശാരീരികവൈകല്യമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതി മറ്റു ആശുപത്രികളിലും പോയി പരിശോധനകള്‍ നടത്തി. എല്ലാ പരിശോധനയിലും ശിശുവിന് വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്. 20 ആഴ്ച പരിധി പിന്നിട്ടിരുന്നതിനാല്‍ അനുമതിക്കായി കോടതിയെ സമീപിക്കുകയായിരുന്നു.
രാജ്യത്തെ നിലവിലെ നിയമപ്രകാരം 20 ആഴ്ചയാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള സമയപരിധി. 20 ആഴ്ചക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
യുവതിയുടെ അപേക്ഷ സ്വീകരിച്ച കോടതി പരിശോധനക്കായി മെഡിക്കല്‍ സംഘത്തെ നിശ്ചയിച്ചു. ഈ സംഘം ശിശുവിന്റെ വൈകല്യം ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് അറിയിച്ചതിനെ പിന്നാലെ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി കോടതി നിഷേധിച്ചു.
ശാരീരിക വൈകല്യമുള്ള കുഞ്ഞിന് വളര്‍ത്തേണ്ടി വരുന്ന യുവതിയുടെ മാനസിക സംഘര്‍ഷം മെഡിക്കല്‍ സംഘം പരിശോധിച്ചിട്ടില്ലെന്നും അതിനാല്‍ കോടതി ഈ വിഷയം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.’ഭാവിയില്‍ യുവതിക്ക് നേരിടേണ്ടി വന്നേക്കാവുന്ന മാനസികസംഘര്‍ഷം ഈ പ്രത്യേക കേസില്‍ പരിഗണിക്കാനാവില്ല. ഇത് ഗര്‍ഭച്ഛിദ്രത്തിന് മതിയായ കാരണമായി പരിഗണിക്കാനാവില്ല.’ കോടതി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക