ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹശേഷം ഹണിമൂണിന് ഗോവയിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകിയ യുവാവ് ഭാര്യയെ അയോധ്യയിൽ കൊണ്ടുപോയി. യാത്ര കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം യുവതി ഭോപ്പാൽ കുടുംബ കോടതിയിൽ വിവാഹമോചനം ഫയൽ ചെയ്തുവെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.
2023 ഓഗസ്റ്റിൽ വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഹണിമൂണിന് പോയത്. നേരത്തെ ഗോവയിൽ കൊണ്ടുപോകാമെന്ന് വാക്ക് നൽകിയ ഭർത്താവ് യാത്ര തിരിക്കുന്നതിന്റെ തലേദിവസമായിരുന്നു അയോധ്യയിലും കാശിയിലുമാണ് പോകുന്നത് എന്ന കാര്യം പറഞ്ഞത്.
ഭർത്താവിനും തനിക്കും ഉയർന്ന ശമ്പളമുള്ള ജോലിയുണ്ടെന്നും ഹണിമൂണിന് വിദേശത്ത് പോകാൻ പ്രയാസമില്ലെന്നും വിവാഹ മോചന ഹരജിയിൽ യുവതി പറയുന്നു. എന്നാൽ തനിക്ക് മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കേണ്ടതുണ്ട് എന്ന് പറഞ്ഞ് വിദേശയാത്രയ്ക്ക് ഭർത്താവ് വിസമ്മതിച്ചു.
തുടർന്ന് ഗോവയിലോ ദക്ഷിണേന്ത്യയിലെവിടെയെങ്കിലുമോ യാത്ര പോകുവാൻ ഇരുവരും തീരുമാനിച്ചു. ഭാര്യ അറിയാതെ ഇയാൾ അയോധ്യയിലേക്കും വാരണാസിയിലേക്കും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തു.
തങ്ങൾ അയോധ്യയിലേക്കാണ് പോകുന്നതെന്നും തന്റെ അമ്മയ്ക്ക് രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾക്ക് മുമ്പ് അവിടെ സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ഇയാൾ യാത്രയുടെ തലേ ദിവസം യുവതിയോട് പറഞ്ഞു.
ഭർത്താവുമായി തർക്കിക്കാതെ യാത്ര പോയ യുവതി തിരികെ വന്നതിനുശേഷം കുടുംബ കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
Content Highlight: Woman seeks divorce from husband who promised Goa honeymoon, took her to Ayodhya