Kerala News
വിവാഹ ജീവിതത്തിലെ ക്രൂരത അക്കമിട്ട് നിരത്താനാവില്ല; സ്നേഹമില്ലാതെ ഒരുമിച്ച് ജീവിക്കാനാവില്ല: കേരള ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 01, 11:15 am
Thursday, 1st August 2024, 4:45 pm

കൊച്ചി: വിവാഹ ജീവിതത്തിലെ ക്രൂരത കണക്കിലെ കൃത്യതപോലെ നിര്‍വചിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. സ്നേഹമില്ലാതെ ഒരു ഭാര്യക്കും ഭർത്താവിനും മുന്നോട്ട് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ആലപ്പുഴ മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹരജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സി. പ്രദീപ്കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഭർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുന്ന യുവതിയുടെ അപ്പീലിൽമേലായിരുന്നു വിധി.

കുടുംബജീവിതത്തില്‍ സാധാരണയായി ഉണ്ടാകുന്ന അസ്വാരസ്യത്തിനപ്പുറം മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലെന്ന് വിലയിരുത്തിയാണ് കുടുംബകോടതി നേരത്തെ യുവതിയുടെ ഹരജി തള്ളിയത്. എന്നാൽ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2001ല്‍ 17ാമത്തെ വയസിലാണ് ഹരജിക്കാരി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മാവേലിക്കര സ്വദേശിയോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയത്. പിന്നീട് ഇയാള്‍ ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുകയും ഹര്‍ജിക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് ഒരു കുട്ടിയും ഉണ്ടായി.

മദ്യപാനിയും പരസ്ത്രീ ബന്ധങ്ങളും ഉണ്ടായിരുന്ന ഭര്‍ത്താവിൽ നിന്ന് ഹര്‍ജിക്കാരി നിരന്തരം ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായി. 2010ല്‍ വലിയ തോതില്‍ ശാരീരിക ഉപദ്രവം ഉണ്ടായതോടെ ഹരജിക്കാരി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയുമായിരുന്നു.

വിവാഹ ജീവിതത്തിൽ ഭർത്താവിൽ നിന്ന് നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ട് നിരത്താനാവില്ലെന്ന് കോടതി പറഞ്ഞു. മറ്റൊരാളുടെ സമമർദ്ദത്തിൽ വിവാഹ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ആർക്കും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വന്തം ആഗ്രഹത്തിനു വിരുദ്ധമായി വിവാഹ ജീവിതം തുടരാന്‍ ഒരു സ്ത്രീയോട് നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Content Highlight: Woman Seeking Divorce From ‘Loveless Marriage’ Not Expected To Recall Each And Every Incident Of Cruelty: Kerala High Court