| Friday, 29th September 2017, 10:23 am

തൃപ്പുണിത്തുറയിലെ ഘര്‍വാപ്പസി കേന്ദ്രത്തില്‍ ഗര്‍ഭപരിശോധന നടത്തുന്നതായി ഹൈക്കോടതിയില്‍ യുവതിയുടെ മൊഴി; കേസ് അട്ടിമറിക്കരുതെന്ന് പൊലീസിനോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മിശ്ര വിവാഹിതരായ യുവതികളെ നിര്‍ബന്ധിപ്പിച്ച് മതപഠനക്ലാസിന് വിധേയമാക്കിയിരുന്ന ശിവശക്തി യോഗാ കേന്ദ്രത്തില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധനക്ക് യുവതികള്‍ വിധേയരായിരുന്നെന്ന് യുവതിയുടെ മൊഴി. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് വഴി ഹാജരായ യുവതിയാണ് കോടതിയില്‍ മൊഴി നല്‍കിയത്

കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിനിയായ ശ്രുതിയാണ് ഭര്‍ത്താവ് പരിയാരം സ്വദേശി അനീസ് ഹമീദ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് വഴി ഹൈക്കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എത്രയും പെട്ടന്ന് അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പയ്യന്നൂര്‍ സി.ഐയുടെ സഹായത്തോടെ ശ്രുതിയെ വീട്ടുകാര്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നായിരുന്നു അനീസ് അഹമ്മദിന്റെ പരാതി. മുമ്പ് തങ്ങളുടെ വിവാഹ ശേഷം സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞിട്ടും ശ്രുതിയെ സി.ഐയുടെ സഹായത്തോടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് കൊണ്ടു പോകുകയായിരുന്നെന്നാണ് അനീസിന്റെ ആരോപണം.

തുടര്‍ന്ന് 2017 ജൂണ്‍ 22 മുതല്‍ ഓഗസ്റ്റ് 18 വരെ ശ്രുതിയെ ശിവശക്തി യോഗ സെന്ററില്‍ ആക്കുകയായിരുന്നു. ഈ കാലയളവില്‍ താന്‍ നേരിട്ട പീഢനങ്ങളാണ് കോടതിയില്‍ ശ്രുതി മൊഴി നല്‍കിയത്. അനീസുമായി ബന്ധം ഉപേക്ഷിക്കാന്‍ വേണ്ടി കടുത്ത മര്‍ദനമുറകള്‍ കേന്ദ്രത്തില്‍ നടത്തിയിരുന്നതായി യുവതി മൊഴി നല്‍കി. മുഖത്തടിക്കല്‍, വയറില്‍ തൊഴിക്കല്‍, കരച്ചില്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകല്‍ തുടങ്ങിയവയുമുണ്ടായിരുന്നതായും അവര്‍ മൊഴി നല്‍കി.


Also Read ഹാദിയ കേസ്; വനിതാ കമ്മീഷന്‍ യുവതിക്കൊപ്പം മാത്രമെന്ന് ജോസഫൈന്‍


രാവിലെ പട്ടാള ചിട്ടയോടെ നാലു മണിക്ക് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിക്കുകയും നിര്‍ബന്ധിത യോഗ, സത്‌സംഗം, ദിനജപം തുടങ്ങിയവ നടത്തുകയും രാവിലെ പത്ത് മുതല്‍ വൈകുന്നേരം വരെ നിര്‍ബന്ധിത പഠന ക്ലാസുകള്‍ നടത്തിയിരുന്നതായും യുവതിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിയുടെ മൊഴി നിസ്സാരമായി തള്ളികളായാന്‍ കഴിയില്ലെന്നും യുവതി കൃത്യമായി വിവരങ്ങള്‍ നല്‍കുമ്പോള്‍ കോടതിക്ക് ബധിരയായി ഇരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്താനും ആവശ്യമെങ്കില്‍ യുവതിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രേഖപ്പെടുത്താനും കോടതി നിര്‍ദ്ദേശം നല്‍കി. ഏത് മതത്തിന്റെ പേരിലായാലും സംഭവം നിസാരമാക്കിയെടുക്കരുതെന്നും പൊലീകോടതി ഡി.ജി.പിക്ക് വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more