അലിഗഢ്: ‘അവളെന്റെ മകളെപ്പോലെയാണ്. അവളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേനെ.’- ഉത്തര്‍പ്രദേശിലെ ജട്ടാരിയില്‍വെച്ച് ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ഷാഫി മുഹമ്മദ് അബ്ബാസി പറഞ്ഞ വരികളാണിത്. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ രണ്ടരവയസ്സുകാരി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന വര്‍ഗീയസംഘര്‍ഷങ്ങളില്‍ നിന്ന് തങ്ങളെ രക്ഷപ്പെടുത്തി 24-കാരിയെക്കുറിച്ച് ഓര്‍ക്കുകയാണ് ഷാഫി.
ഞായറാഴ്ചയാണു സംഭവം നടന്നത്. അലിഗഢില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെമാത്രം നടന്ന സംഭവത്തില്‍ നിന്നാണ് ഈ മുസ്‌ലിം കുടുംബത്തെ പൂജാ ചൗഹാന്‍ എന്ന യുവതിയുടെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തിയത്. കുടുംബത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പൂജ.
വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനായി ഹരിയായിലെ ബലാബ്ഗഢില്‍ നിന്ന് ഒരു വാനില്‍ വരികയായിരുന്ന ഇവരെ ഇരുചക്രവാഹനങ്ങളിലെത്തിയ ഒരു കൂട്ടമാളുകള്‍ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പൂജ അക്രമികള്‍ക്കും തങ്ങള്‍ക്കും ഇടയിലായി വന്നുനിന്നെന്ന് ഷാഫി പറഞ്ഞു.
മുഖാവരണം ധരിച്ച സ്ത്രീകള്‍ വാഹനത്തിലുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നായിരുന്നു ആക്രമണമുണ്ടായത്. കാവിത്തുണി ധരിച്ചവരാണ് ആക്രമണം നടത്തിയതെന്ന് ഷാഫി പറഞ്ഞു.
അക്രമികളോട് പൂജ ഇങ്ങനെ പറഞ്ഞതായി ഷാഫി പറഞ്ഞു- ‘ എന്തിനാണു നിങ്ങള്‍ പാവങ്ങള്‍ക്കുനേരെ നിങ്ങളുടെ ദേഷ്യം കാണിക്കുന്നത്. ഞങ്ങളെല്ലാവരും രണ്ടരവയസ്സായ ആ കുട്ടിയുടെ മരണത്തില്‍ ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.’ ഇതുകേട്ട അക്രമികളിലൊരാള്‍ തങ്ങള്‍ക്കു താക്കോല്‍ തിരികെനല്‍കി പെട്ടെന്ന് ഓടിപ്പൊയ്‌ക്കോളാന്‍ പറയുകയായിരുന്നുവെന്ന് ഷാഫി പറയുന്നു.
തുടര്‍ന്ന് അവിടെനിന്ന് ഓടിയ അവര്‍ എങ്ങനെയോ അലിഗഢില്‍ എത്തിച്ചേരുകയായിരുന്നു. അക്രമത്തില്‍ ഡ്രൈവറുടെ കൈകള്‍ക്കു കാര്യമായ പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തെ ഓരോ പൗരനും മാതൃകയാണ് പൂജയെന്ന് അലിഗഢ് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഹാജി സമീറുള്ള ഖാന്‍ പറഞ്ഞു. മനുഷ്യത്വം കാണാന്‍ സാധിക്കാത്ത ഈ സമയത്ത് അവര്‍ അതിനൊപ്പം ധൈര്യപൂര്‍വം നിന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടരവയസ്സുകാരിയുടെ മരണത്തെ മുതലെടുത്ത് സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ അലിഗഢില്‍ രണ്ടരവയസ്സുകാരി കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സാഹിദ്, അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്.
നേരത്തെ സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്നും കുട്ടിക്ക് നീതി ല്ഭിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
‘അലിഖഢില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ്. ഇത്രയും ക്രൂരമായി ഒരാള്‍ക്ക് എങ്ങനെയാണ് കുട്ടിളോട് പെരുമാറാന്‍ കഴിയുന്നത്. ഇതില്‍ അയാള്‍ ശിക്ഷയനുഭവിക്കാതെ പോകരുത്. നീതി ലഭിക്കാന്‍ വേണ്ടി പൊലിസ് എത്രയും പെട്ടെന്ന് പ്രതികളെ ശിക്ഷിക്കണമെന്നും’ എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.
സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു സംഘപരിവാര്‍ പ്രചരണം. കുട്ടിയുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്‌തെന്നും പ്രചരണമുണ്ടായിരുന്നു.
എന്നാല്‍ ഇതിലെ വാദങ്ങള്‍ പലതും തെറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു.