കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തു. പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷന് ലൈസന്‍സ് നല്‍കുന്നില്ലെന്ന് വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത ഉത്തരവില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പറഞ്ഞു. എന്നാല്‍ പ്രായം കണക്കില്‍ എടുത്ത് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവ് കോടതി ശരിവെച്ചു.
പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.
യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്‌ക്കോടതിയുടെ നിരീക്ഷണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എല്ലാ കോണുകളില്‍ നിന്നും വലിയ വിമര്‍ശനമാണ് കീഴ്‌ക്കോടതി പരാമര്‍ശത്തിനെതിരെയുണ്ടായത്. ഇതോടെ വിവാദ ഉത്തരവിറക്കിയ സെഷന്‍ ജഡ്ജിനെ പിന്നീട് സ്ഥലം മാറ്റിയിരുന്നു. വിവാദ പരമാര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് സ്ഥലം മാറ്റിയത്.
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാര്‍മര്‍ശം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചത്.
സിവിക് ചന്ദ്രനെതിരായ ആദ്യത്തെ കേസിലും കോടതി ജാമ്യം നല്‍കാനെടുത്ത നിലപാടില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാതിയില്ലെന്ന് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ്.സി- എസ്.ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ഈ പരാമര്‍ശം പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗധര്‍ പറഞ്ഞിരുന്നു.
അതേസമയം, ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് കഴിഞ്ഞ മാസം 24ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന്മേലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്.
കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യമാണ് കോടതി സ്റ്റേ ചെയ്തത്. സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.