national news
അല്‍ഫാം കഴിച്ച യുവതിയുടെ മരണം; ഹോട്ടല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 03, 06:30 am
Tuesday, 3rd January 2023, 12:00 pm

കോട്ടയം: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നഴ്സ് മരണപ്പെട്ട സംഭവത്തില്‍ കോട്ടയത്ത് സംക്രാന്തിയില്‍ ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ പ്രകടനം.  പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.

നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

പരാതിയെത്തുടര്‍ന്ന് നഗരസഭ കടയടപ്പിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു. സംക്രാന്തിയില്‍ പ്രതിഷേധപ്രകടനവും നടത്തി.

കഴിഞ്ഞ ഡിസംബര്‍ 29നാണ് മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ച പാലത്തറ സ്വദേശിയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമായ രശ്മി രാജിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു.

രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി.

രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ മരണപ്പെടുകയായിരുന്നു. അതിനിടെ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല.

ഡിസംബര്‍ 30ന് ഇവിടെ നിന്നും ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.

വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസ്വസ്ഥതകള്‍ പിടിപെട്ടാണ് 26-പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുക്കാന്‍ തയ്യാറായത്.

മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. പലപ്പോഴും കുഴിമന്തി, ഷവര്‍മ എന്നീ ഭക്ഷണങ്ങളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായിട്ടുള്ളത്.

അപ്പോഴൊന്നും സ്ഥാപനത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കാത്തതാണ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയരുന്നുണ്ട്.

മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുമ്പ് ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ദമ്പതികളും ഹോട്ടലിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Woman’s death due to food poisoning; DYFI Protest against Hotel