| Sunday, 29th October 2017, 11:25 am

സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണം? സ്വവര്‍ഗാനുരാഗിയായ മുസ്‌ലിം യുവതി ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍: സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മുസ്‌ലിം യുവതിയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനില്‍ വളര്‍ന്ന് മാഞ്ചസ്റ്ററിലേക്കു പോയ സെയ്‌ന എന്ന 40 കാരിയാണ് സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ തനിക്കു നേരിടേണ്ടിവന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞ് മുന്നോട്ടുവന്നിരിക്കുന്നത്.

ലൈംഗികതയുടെ പേരില്‍ താന്‍ ഏറെ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ഭീഷണികള്‍ നേരിടുകയും ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. തന്നെപ്പോലുള്ള ഒരുപാട് പേര്‍ ഈ ലോകത്തുണ്ട്. അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷപകരുകയെന്ന ലക്ഷ്യമിട്ടാണ് ഇപ്പോള്‍ താനിതൊക്കെ തുറന്നുപറയുന്നതെന്നു പറഞ്ഞാണ് സെയ്‌ന തന്റെ അനുഭവങ്ങള്‍ ഓര്‍ക്കുന്നത്.

13ാം വയസിലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിയുന്നത്. വളരെ യാഥാസ്ഥിതികമായ പാക് സമൂഹത്തില്‍ നിന്നും അന്നുമുതല്‍ ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. തന്റെ സ്വത്തം മനസിലായതോടെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. “ഒരു കൂട്ടുകാരിക്കൊപ്പം വീട്ടിലിരിക്കവെ പിതാവ് മുകളിലേക്ക് കയറിവന്ന് കൊല്ലുമെന്ന് പറഞ്ഞ് ഏറെ മര്‍ദ്ദിച്ചു. അന്നാണ് ആദ്യമായി എനിക്കു വീട് സുരക്ഷിതമല്ലെന്ന്‌തോന്നിയത്. അന്നു കിട്ടിയ അടികാരണമുള്ള പുറംവേദന കാരണം ഇപ്പോഴും ശരിയ്ക്കു നടക്കാന്‍പറ്റാത്ത സ്ഥിതിയാണ്.” അവര്‍ പറയുന്നു.


Also Read: ഞാന്‍ എന്റെ ജോലി തുടരും: പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല: ദളിത് പൂജാരി യദുകൃഷ്ണന്‍ പറയുന്നു


പി.എച്ച്.ഡി ചെയ്യുന്ന സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും “അപകടകാരിയാണെന്ന്” പറഞ്ഞ് തന്നെ അധികൃതര്‍ ചവിട്ടി പുറത്താക്കി. ഒരു ഇസ്‌ലാമിക് കോളജിലെ സഹപ്രവര്‍ത്തകര്‍ തന്റെ ലൈംഗികത തിരിച്ചറിഞ്ഞതോടെ അവിടംവിട്ടു പോകാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു.

സ്വവര്‍ഗാനുരാഗിയാണെങ്കില്‍ മുസ്‌ലിം ആവാന്‍ കഴിയില്ലെന്നാണ് പണ്ഡിതന്മാര്‍ തന്നോടു പറഞ്ഞത്. എന്നാല്‍ തന്നെ സംബന്ധിച്ച് ലൈംഗികതയും മതവും ഒരേപോലെ പ്രധാനപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു.

“ഞാന്‍ മുസ്‌ലീമായാണ് ജനിച്ചത്. മുസ്‌ലീമായി മരിക്കണം. ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണം?” അവര്‍ ചോദിക്കുന്നു.

ഇപ്പോള്‍ മാഞ്ചസ്റ്ററിലെ ലോങ്‌സൈറ്റിലാണ് സെയ്‌ന താമസിക്കുന്നത്. യു.കെയിലെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ സീനിയര്‍ പൊസിഷനില്‍ ജോലി ചെയ്യുകയാണ് സെയ്‌നയിപ്പോള്‍.

“ഞാന്‍ വളരെ ധീരയും ശക്തയുമാണ്. പക്ഷേ എന്നെപ്പോലെ ധൈര്യം ഇല്ലാത്ത പലയാളുകളുമുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പുറത്തുവന്ന് എന്റെ അനുഭവം അവരോട് പറയേണ്ടതുണ്ടെന്ന് തോന്നുന്നു.” സെയ്‌ന പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more