| Friday, 6th September 2024, 4:09 pm

പട്ടാപ്പകൽ ഉജ്ജയിൻ റോഡിൽ യുവതി ബലാത്സംഗത്തിനിരയായി; കണ്ടുനിന്നവർ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉജ്ജയിനി: മധ്യപ്രദേശിലെ ഉജ്ജയിനിൽ തിരക്കേറിയ റോഡിൽ വെച്ച് യുവതി ബലാത്സംഗം ചെയ്യപ്പെട്ടു. വഴിയാത്രക്കാർ യുവതിയെ സംരക്ഷിക്കുന്നതിന് പകരം ലൈംഗികാതിക്രമം ഫോണിൽ ചിത്രീകരിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ മണ്ഡലത്തിലാണ് കുറ്റകൃത്യം നടന്നത്.

1 മധ്യപ്രദേശിൽ യുവതി പട്ടാപ്പകൽ ബലാത്സംഗം ചെയ്യപ്പെട്ടു

2 വഴിയാത്രക്കാർ യുവതിയെ സഹായിക്കാതെ ലൈംഗികാതിക്രമം ഫോണിൽ ചിത്രീകരിച്ചു

3 പ്രതി ലോകേഷിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

4 പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായ കൊയ്‌ല ഫടക് ഏരിയയിലാണ് സംഭവം നടന്നത്. പ്രതി ലോകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ ലോകേഷ് വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് തന്റെ കൂടെ കൊണ്ടുപോകാൻ ശ്രമിച്ചു. തുടർന്ന് യുവതിയെക്കൊണ്ട് മദ്യം കുടിപ്പിക്കുകയും ഫുട്പാത്തിൽ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. സമീപത്ത് കൂടി പോയ യാത്രക്കാർ ആരും തന്നെ യുവതിയെ സഹായിച്ചില്ല.

ഒരു ദൃക്‌സാക്ഷി സംഭവം ചിത്രീകരിക്കുകയും വീഡിയോ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തു, അതേസമയം പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത പൊലീസ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോ കണ്ട് പ്രതിയെ മനസ്സിലാക്കുകയായിരുന്നു.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ലോകേഷിനെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി കോൺഗ്രസ് പറഞ്ഞു. ‘പവിത്രനഗരമായ ഉജ്ജയിൻ നാണം കെടുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവർ ഒന്നുകിൽ നാണക്കേട് കൊണ്ട് മരിക്കണം അല്ലെങ്കിൽ രാജിവെക്കണം,’ കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

‘മധ്യപ്രദേശിൽ ഇപ്പോൾ പകൽ വെളിച്ചത്തിൽ ബലാത്സംഗങ്ങൾ നടക്കുന്നു, തുറന്ന തെരുവുകളിൽ. നിയമവും സർക്കാരും പൂർണ്ണമായും ഇല്ലാതാകുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. മുഖ്യമന്ത്രിയുടെ നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ ബാക്കി സ്ഥലങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ,’ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു.

Content Highlight: Woman raped on busy Ujjain road, bystanders film it, post video online

We use cookies to give you the best possible experience. Learn more