പാലിശ്ശേരി: പാലിശ്ശേരി എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നില്‍ പന്തല്‍ കെട്ടി യുവതിയുടെ അനിശ്ചിതകാല സത്യഗ്രഹം. സ്‌കൂളധികൃതര്‍ അകാരണമായി പുറത്താക്കിയെന്ന പരാതിയുന്നയിച്ചാണ് തൃശ്ശൂര്‍ പൂവ്വത്തുശ്ശേരി സ്വദേശിനിയായ പി.എച്ച് ബിന്ദു സമരം ചെയ്യുന്നത്. 17.35 ലക്ഷം രൂപ വാങ്ങിച്ചാണ് ജോലിയില്‍ പ്രവേശിപ്പിച്ചതെന്നും, ഒരു വര്‍ഷത്തിനു ശേഷം കാരണം പോലും വ്യക്തമാക്കാതെ പുറത്താക്കുകയായിരുന്നുവെന്നാമാണ് ബിന്ദുവിന്റെ പരാതി.
ശ്രീനാരായണ ഗുരുദേവ സഭ നടത്തുന്ന സ്‌കൂളില്‍ തനിക്കു ജോലി ലഭിക്കാനായി 17 ലക്ഷത്തി മുപ്പത്തയ്യായിരം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചു നല്‍കിയെന്ന് ബിന്ദു പറയുന്നു. ഇതിനെത്തുടര്‍ന്ന് സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായി ജോലി നോക്കാനാരംഭിച്ചു. എന്നാല്‍, അന്നത്തെ മാനേജര്‍ പി.കെ. ഗോപിയുടെ മരണത്തെത്തുടര്‍ന്ന് ചുമതലയേറ്റ പുതിയ കമ്മറ്റിയും മാനേജരും ബിന്ദുവിനോട് ഇനി മുതല്‍ ജോലിക്കു വരേണ്ടതില്ലെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
മാനേജ്‌മെന്റുകള്‍ തമ്മിലുള്ള സ്പര്‍ദ്ധയും, ഇഷ്ടക്കാര്‍ക്ക് ജോലി നല്‍കാനുള്ള താല്‍പര്യവും കാരണമാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് ബിന്ദു പരാതിപ്പെടുന്നു. പുറത്താക്കാനുള്ള കാരണം വിശദീകരിക്കുന്ന കത്ത് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും, മാനേജ്‌മെന്റ് വിസമ്മതിക്കുകയായിരുന്നു. ജോലിയും ജോലിക്കായി അടച്ച തുകയും നഷ്ടപ്പെടുന്ന അവസ്ഥയില്‍, ജപ്തി ഭീഷണി നേരിടുകയാണ് ബിന്ദു ഇപ്പോള്‍.
ആസൂത്രിതമായാണ് ബിന്ദുവിനെ പുറത്താക്കാനുള്ള നീക്കം നടന്നതെന്നും, വിധവയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്നും ബിന്ദുവിന്റെ സഹോദരന്‍ ശ്രീജിത്ത് പറയുന്നു. “പുതിയ മാനേജ്‌മെന്റ് ചാര്‍ജെടുത്തതിനു രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ, ഒരു ദിവസം രാവിലെ ജോലിക്കെത്തിയ ബിന്ദുവിനോട് ഇനി വരേണ്ടതില്ലെന്നു പറയുകയായിരുന്നു. വേറെ ആളുകള്‍ക്കു നല്‍കേണ്ട തസ്തികയാണ്, നിങ്ങള്‍ക്കു തരാന്‍ സാധിക്കില്ല എന്നായിരുന്നു വാദം. വേണമെങ്കില്‍ കേസു കൊടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.”
“ഒരു വിധവയായ തന്നോട് ഇങ്ങനെ പെരുമാറരുതെന്നു പറഞ്ഞപ്പോള്‍, “ഇവിടെ നീ മാത്രമല്ല വിധവയായുള്ളത്” എന്നെല്ലാം പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. പുറത്താക്കാമനുള്ള കാരണം എഴുതിത്തരാനാവശ്യപ്പെട്ട് ദിവസം മുഴുവന്‍ ഇരുന്നെങ്കിലും, സാധിക്കില്ലെന്നായിരുന്നു മറുപടി. മുന്‍ ഭരണ സമിതി വാങ്ങിച്ച പണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് ഏല്‍ക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം.” ശ്രീജിത്ത് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
പല വ്യക്തികളേയും സംഘടനകളേയും കണ്ട് പരാതികള്‍ നല്‍കിയിരുന്നു. മാള എം.എല്‍.എ സുനില്‍കുമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ബിന്ദുവിന്റെ പക്ഷം ചേര്‍ന്ന് ഭരണസമിതിയോടു സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പണം തിരികെ നല്‍കണമെന്ന എം.എല്‍.എയുടെ നിര്‍ദ്ദേശവും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തില്ല. കേസു കൊടുക്കാന്‍ അടിക്കടി വെല്ലുവിളിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ക്കതിനാവില്ലെന്ന് ബിന്ദു പറയുന്നു.
സഹകരണ സൊസൈറ്റിയില്‍ നിന്നും വായ്പയെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് തുക സംഘടിപ്പിച്ചിരുന്നത്. പലിശ തിരിച്ചടയ്ക്കാനാകാതെ ജപ്തിയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് കേസിന്റെ ചെലവുകള്‍ കൂടി താങ്ങാന്‍ സാധിക്കില്ല. കേസ് നീട്ടിക്കൊണ്ടു പോകുന്നതാണ് ഇതുവരെയുള്ള വിഷയങ്ങളില്‍ സ്‌കൂളധികൃതരുടെ പതിവ്. നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം – ബിന്ദു തറപ്പിച്ചു പറയുന്നു.
മന്ത്രി വി.എസ് സുനില്‍കുമാറും വിധവാ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറി കെ.കെ. ജാനകിയും കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മന്ത്രി കനത്ത അമര്‍ഷം രേഖപ്പെടുത്തിയതായും ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു. ബിന്ദുവിന്റെ സമരത്തിന് വിവിധ തലങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ സ്‌കൂളധികൃതര്‍ തയ്യാറായിട്ടില്ല.
“തന്ന തുകയില്‍ പതിനൊന്നു ലക്ഷം ഞാന്‍ തന്നെ തിരിച്ചുവാങ്ങിച്ചെന്നും, ഞാനിവിടെ ജോലിയെടുത്തിട്ടേയില്ലെന്നുമുള്ള വാദങ്ങളാണ് മാനേജ്‌മെന്റ് പലപ്പോഴായി മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍, എല്ലാ തെളിവുകളുമായാണ് ഞാനിവിടെ ഇരിക്കുന്നത്. 2016 സെപ്തംബര്‍ മാസം മുതല്‍ ഞാന്‍ ഒപ്പിട്ട രജിസ്റ്ററുണ്ട്. അന്നത്തെ മാനേജര്‍ തന്ന അപ്പോയിന്റ്‌മെന്റ് ലെറ്ററും ജോയിനിംഗ് റിപ്പോര്‍ട്ടുമുണ്ട്. തുക കൈപ്പറ്റിയ രസീതുമുണ്ട്. ഇത്ര വെയിലുകൊണ്ടു കഷ്ടപ്പെട്ട് ഇനി പിന്മാറാന്‍ ഒരു കാരണവശാലും ഞാന്‍ തയ്യാറല്ല.” ബിന്ദു ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ജോലി തിരികെ തരില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കൊടുത്ത പണം തിരികെ ലഭിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. പുതിയ മാനേജര്‍ പി.എന്‍. ശങ്കരനും സെക്രട്ടറി പി.എസ് ഷൈനും ചേര്‍ന്നാണ് പുറത്താക്കിയത്. പഴയ ഭരണസമിതിയിലെ സെക്രട്ടറിയടക്കമുള്ള അംഗങ്ങള്‍ സമരത്തിനു പിന്തുണയുമായി കൂടെയുണ്ട്. – ബിന്ദു കൂട്ടിച്ചേര്‍ക്കുന്നു. തന്റെ അവസ്ഥ ഇനി ഒരാള്‍ക്കുമുണ്ടാകരുതെന്നും സമരവുമായി മുന്നോട്ടു പോകാനുറച്ച് ബിന്ദു പറഞ്ഞു.
ബിന്ദുവിന്റെ അനിശ്ചിതകാല സമരമാരംഭിച്ച് ഇരുപത്തിയെട്ടു ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. അതേ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ബിന്ദുവിന്റെ മകളുടെ പഠനം പോലും തടസ്സപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തം അമ്മ സ്‌കൂളിനു പുറത്തെ സമരപ്പന്തലിലിരിക്കുന്നതു കണ്ടുകൊണ്ട് ക്ലാസിലിരിക്കേണ്ടി വരുന്ന മകള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും, പഠനത്തില്‍ ശ്രദ്ധിക്കാന്‍ പോലുമാകുന്നില്ലെന്നും ബിന്ദു പറയുന്നു.
ഗുരുദേവ സഭയുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാവുന്ന വിഷയത്തില്‍ ഇത്രയേറെ നിസ്സംഗത കാണിക്കുന്നത് പ്രതികാര ബുദ്ധിയോടെയാണെന്നും, എങ്കിലും താനിക്കു പിന്മാറാനാകില്ലെന്നുമാണ് ബിന്ദുവിന്റെ പക്ഷം. “കൊടുത്ത പണം ലഭിക്കാതെ ഇവിടെ നിന്നും എഴുന്നേല്‍ക്കില്ല. സമരം നിര്‍ത്തേണ്ടി വന്നാല്‍ ആത്മഹത്യമാത്രമേ മുന്നിലുള്ളൂ. മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ടുവെന്ന് നിങ്ങള്‍ക്കു വാര്‍ത്തകളില്‍ വായിക്കേണ്ടി വരും. എനിക്ക് നീതി കിട്ടിയേ തീരു” ബിന്ദു പറഞ്ഞു.