'സഹയാത്രിക സ്വയം മൂത്രമൊഴിച്ചു'; എയര്‍ ഇന്ത്യ 'മൂത്രമൊഴിക്കല്‍' കേസില്‍ പുതിയ വാദവുമായി പ്രതി
national news
'സഹയാത്രിക സ്വയം മൂത്രമൊഴിച്ചു'; എയര്‍ ഇന്ത്യ 'മൂത്രമൊഴിക്കല്‍' കേസില്‍ പുതിയ വാദവുമായി പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 5:24 pm

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പരാതിക്കാരിക്കെതിരെ പുതിയ വാദവുമായി പ്രതി കോടതിയില്‍. സഹയാത്രികയായ വയോധിക സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നാണ് അറസ്റ്റിലായ ശങ്കര്‍ മിശ്രയുടെ ആരോപണം.

താന്‍ ആരുടെ ദേഹത്തും മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക സ്വയം ചെയ്തതാണെന്നും പ്രതി ദല്‍ഹി കോടതിയില്‍ വ്യക്തമാക്കി.

ദല്‍ഹി പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിയുടെ വാദം.

എന്നാല്‍, കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ച കോടതി ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു.

സംഭവത്തില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്ര നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു.

പ്രതിക്കെതിരായ ആരോപണങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും ഏതൊരു സ്ത്രീയെയും അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

പ്രതിയുടെ പെരുമാറ്റം പൗരബോധത്തെ ഞെട്ടിക്കുന്നതാണെന്നും, അത് ഒഴിവാക്കേണ്ടതുണ്ടെന്നും ജഡ്ജി നേരത്തെ നിരീക്ഷിച്ചിരുന്നു.

നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്.

പിന്നാലെ, സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും ഇയാള്‍ സ്ത്രീയോട് അപേക്ഷിച്ചിരുന്നു.

എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.

ആ സമയത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ എയര്‍ ഇന്ത്യ മാനേജ്മെന്റിനെ ശാസിക്കുകയും അനുചിതമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് മുംബൈ സ്വദേശിയായ ശങ്കര്‍ മിശ്രയെ വെല്‍സ് ഫാര്‍ഗോ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര.

Content Highlight: Woman peed on her own: Shankar Mishra, accused in Air India ‘peegate’ in Delhi Court