ന്യൂദൽഹി: എത്താൻ ഏഴ് മിനിറ്റ് വൈകിയതിന് കാബ് ഡ്രൈവറെ അധിക്ഷേപിച്ച് യാത്രക്കാരി. യാത്രക്കാരി ഡ്രൈവറോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറെ തുപ്പുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. വൈറൽ ആയ വീഡിയോക്ക് പിന്നാലെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്.
സംഭവം നടന്നത് എവിടെയാണെന്നോ ഡ്രൈവറെ അധിക്ഷേപിക്കുന്ന യുവതി ആരാണെന്നോ ഇതുവരെയും വ്യക്തമായിട്ടില്ല. വീഡിയോയിൽ നിങ്ങൾ ഏഴ് മിനിറ്റ് വൈകിയാണ് എത്തിയതെന്ന് പറഞ്ഞ് യുവതി ഡ്രൈവറോട് ക്ഷുഭിതയാകുന്നത് കാണാം.
എന്നാൽ സംയമനം പാലിക്കുന്ന ഡ്രൈവർ ക്ഷമാപണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടും കാറിൽ നിന്നിറങ്ങുന്ന സമയത്ത് യുവതി ഡ്രൈവറെ തുപ്പുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.
ഈ നേരമത്രയും സംയമനം പാലിച്ച ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേർ മുന്നോട്ടെത്തിയിട്ടുണ്ട്. അതേ സമയം യുവതിക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സമയം വൈകിയാൽ അവർക്ക് കാബ് ക്യാൻസൽ ചെയ്യാമായിരുന്നു ഇത് ക്രൂരമാണ്, ഇത്രയും തിരക്കുള്ള വ്യക്തിയാണെങ്കിൽ സ്വന്തമായി കാർ വാങ്ങി ഉപയോഗിക്കണം തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഒപ്പം യുവതിയെ ജോലിയിൽ നിന്ന് പിരിച്ച് വിടണം എന്ന കമന്റുകളും വരുന്നുണ്ട്.
Content Highlight: Woman Passenger Abuses, Spits On Cab Driver For Being 7 Minutes Late