ലഖ്‌നൗ: യു.പിയില്‍ വ്യാജ ഡോക്ടര്‍ സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതിയും കുഞ്ഞും മരിച്ചു. എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ വ്യാജ ഡോക്ടറാണ് ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച് യുവതിയെ സിസേറിയന്‍ ചെയ്തത്.
33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്. സുല്‍ത്താന്‍പുര്‍ ജില്ലയിലെ സായ്നി ഗ്രാമത്തില്‍ മാ ശാരദ ക്ലിനിക്കിലാണ് സംഭവം.
രാജേഷ് സാഹ്നി എന്നയാളാണ് ക്ലിനിക്ക് നടത്തിയിരുന്നത്. രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്.
ലൈസന്‍സ് ഇല്ലാതെയായിരുന്നു ക്ലിനിക്കിന്റെ പ്രവര്‍ത്തനമെന്നും ഓപ്പറേഷന്‍ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടെ റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ചികിത്സാ പിഴവിനെ തുടര്‍ന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭര്‍ത്താവ് രാജാറാമിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ രാജേന്ദ്ര ശുക്ല ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോള്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചില ജീവനക്കാരും സമ്മതിച്ചിട്ടുണ്ട്.
സിസേറിയന്‍ കഴിഞ്ഞ ഉടനെ തന്നെ യുവതിയുടെ ആരോഗ്യനില മോശമാവുകയും യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അല്പസമയത്തിനകം യുവതി മരണപ്പെട്ടു. ജനിച്ച് മിനുട്ടുകള്‍ക്കകം തന്നെ കുഞ്ഞും മരിച്ചു.
അതേസമയം, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം അനധികൃത ക്ലിനിക്കുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് അധികൃതര്‍ സുല്‍ത്താന്‍പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശസ്ത്രക്രിയ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ക്ലിനിക്കില്‍ ഉണ്ടായിരുന്നില്ലെങ്കിലും പല വിധ സര്‍ജറികളും ഇവിടെ നടത്തി വന്നിരുന്നതായി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക