| Thursday, 3rd June 2021, 1:06 pm

ആദ്യം പോയി വസ്ത്രം മാറി വരൂ, എന്നിട്ടാകാം ചര്‍ച്ച; ടാന്‍സാനിയയില്‍ ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ വനിത എം.പിയോട് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടാന്‍സാനിയ: ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ വനിതാ എം.പിയോട് വസ്ത്രം മാറ്റിയശേഷം മാത്രം പാര്‍ലമെന്റില്‍ ഹാജരായാല്‍ മതിയെന്ന് ടാന്‍സാനിയയിലെ പാര്‍ലമെന്റ് സ്പീക്കര്‍. വനിതാ എം.പിയായ കോണ്‍ടെസ്റ്റര്‍ സിഷ് വാലെയോടാണ് സ്പീക്കര്‍ ജോബ് ദുഗൈയുടെ ഈ പരാമര്‍ശം.

ജൂണ്‍ ഒന്നിന് നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് അസാധാരണ പരാമര്‍ശവുമായി സ്പീക്കര്‍ രംഗത്തെത്തിയത്. കോണ്‍ടെസ്റ്ററുടെ വസ്ത്രധാരണം സഭയ്ക്ക് ചേര്‍ന്നതല്ലെന്നും അതിനാല്‍ പോയി വസ്ത്രം മാറി വരൂ എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

ആദ്യം നിങ്ങള്‍ പോയി വസ്ത്രം മാറ്റി വരൂ. എന്നിട്ട് പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതി,’ എന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

കോണ്‍ടെസ്റ്ററുടെ വസ്ത്രധാരണത്തെപ്പറ്റി സഭയിലെ ഒരു എം.പി പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സ്പീക്കറുടെ ഉത്തരവ്. നമ്മുടെ ചില സഹോദരിമാര്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചാണ് എത്തുന്നത്. ഇങ്ങനെയാണോ അവര്‍ സമൂഹത്തിന് മുന്നില്‍ പെരുമാറേണ്ടത് എന്നായിരുന്നു സഭാംഗത്തിന്റെ പരാമര്‍ശം.

എം.പിയായ ഹുസൈന്‍ അമര്‍ ഈ നിര്‍ദ്ദേശത്തെ പിന്താങ്ങുകയും ചെയ്തതോടെ സഭയില്‍ പ്രതിഷേധമുയര്‍ന്നു. സമൂഹത്തിന്റെ ഒരു പ്രതിരൂപമാണ് പാര്‍ലമെന്റ് എന്നും സഭയില്‍ സ്ത്രീകള്‍ ജീന്‍സ് ധരിച്ചെത്തുന്നത് നിയമലംഘനമാണെന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്.

അതിനിടെ സഭയിലെ പുരുഷ അംഗങ്ങള്‍ നടത്തിയ പരാമര്‍ശം വ്യക്തിയെ അവഹേളിക്കുന്നതാണെന്നും കോണ്‍ടെസ്റ്ററോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിലെ മറ്റ് വനിതാ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനൊടുവിലാണ് കോണ്‍ടെസ്റ്ററോട് വസ്ത്രം മാറിയ ശേഷം സഭയിലെത്താന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Woman MP removed from Parliament for wearing tight-fitting trousers,

We use cookies to give you the best possible experience. Learn more