| Thursday, 27th August 2020, 1:16 pm

'ഉത്തര്‍പ്രദേശില്‍ യുവതിയെയും ഭിന്നശേഷിക്കാരനെയും തലമുണ്ഡനം ചെയ്ത്, ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു'; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജിനടുത്തുള്ള ഗ്രാമത്തില്‍ സ്ത്രീയെയും ഭിന്നശേഷിക്കാരനായ പുരുഷനെയും തല മുണ്ഡനം ചെയ്ത് ചെരിപ്പ് മാല ധരിപ്പിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതായി പരാതി. സംഭവത്തിന് പിന്നില്‍ യുവതിയുടെ ബന്ധുക്കളാണെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. തുടര്‍ന്ന് വീട്ടില്‍ സഹായത്തിനായി ഒരു ഭിന്നശേഷിക്കാരനായ പുരുഷന്‍ സ്ഥിരമായി എത്തുമായിരുന്നു.

ഇയാള്‍ വീട്ടില്‍ വരുന്നത് യുവതിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. യുവതി ഇത് വകവെയ്ക്കുന്നില്ലെന്ന് കണ്ടതോടെയാണ് ഇത്തരത്തില്‍ പ്രതികാരം തീര്‍ത്തതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകിട്ടോടെ യുവതിയുടെ ബന്ധുക്കളും ഗ്രാമത്തിലെ ഒരു സംഘം പുരുഷന്‍മാരും യുവതിയേയും ഭിന്നശേഷിക്കാരനായ പുരുഷനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി. രണ്ടുപേരേയും ചെരുപ്പ് മാല അണിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഗ്രാമത്തിലൂടെ നടക്കാന്‍ ഈ സംഘം ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതിയുടെ തല മുണ്ഡനം ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു.

ഇരുവരുടെയും മുഖത്ത് കറുത്ത ചായം തേയ്ക്കാനും തല മുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിക്കാനും ബന്ധുക്കളുള്‍പ്പടെയുള്ളവര്‍ മുതിര്‍ന്നു.

സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറല്‍, പൊതു മധ്യത്തില്‍ വെച്ച് സ്ത്രീയെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം യു.പിയില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ യു.പിയിലെ ലഖിംപൂര്‍ ഗ്രാമത്തില്‍ രണ്ട് പെണ്‍കുട്ടികളാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇന്നലെയാണ് 17 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്.

യു.പിയിലെ ലഖിംപുര്‍, ഖേരി ജില്ലയിലായിരുന്നു സംഭവം. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. മൂര്‍ച്ചേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടി താമസിക്കുന്ന ഗ്രാമത്തില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിച്ചുമൂടിയ നിലയിലുള്ള മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറിയ നിലയിലായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തില്‍ ബലാത്സംഗം നടന്ന ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ചീഫ് സതേന്ദ്ര കുമാര്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി ബന്ധുവിന്റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ തന്നെയുള്ള 13 കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ പെണ്‍കുട്ടിയേയും ക്രൂരമായിട്ടായിരുന്നു കൊലപ്പെടുത്തിയത്. കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും കഴുത്തറുക്കുകയും ചെയ്തതായി കുടുബം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ കുടുംബം ആരോപിച്ച പോലെയൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ മൃതദേഹത്തില്‍ പരിക്കുകളുണ്ടായിരുന്നെന്ന കാര്യം പൊലീസ് സമ്മതിച്ചിരുന്നു.

ആഗസ്റ്റ് 14 ന് വീടിന് സമീപത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ പിറ്റേ ദിവസമാണ് കണ്ടെത്തിയത്. ലഖ്നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇത്.

യു.പിയിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതായും സ്ത്രീകളും കുട്ടികളും ക്രൂരമായ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാകുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം പോലും ഇല്ലാതായെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: up women and disabled man molested and filmed

We use cookies to give you the best possible experience. Learn more