യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവതി നേരിട്ടത് സമാനതകളില്ലാത്ത സൈബര്‍ ആക്രമണം
Kerala News
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു; യുവതി നേരിട്ടത് സമാനതകളില്ലാത്ത സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th February 2022, 5:04 pm

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നല്‍കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശോഭാ സുബിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ വനിതാ നേതാവ് രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടിട്ടുണ്ട്.

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.

വനിതാ നേതാവിനെ മോശക്കാരിയാക്കി ചിത്രീകരിച്ചായിരുന്നു സൈബര്‍ ലോകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രചരണം. യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് വേണ്ടി സൃഷ്ടിച്ച ടെലഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടകള്‍ അടങ്ങിയ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് മുസ്‌ലിം ലീഗ് സൈബര്‍ പോരാളി യാസര്‍ എടപ്പാളും ഭീഷണിയുയര്‍ത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലുര്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്.

പരാതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു ശോഭ സുബിന്‍.