| Sunday, 24th January 2021, 3:26 pm

ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍, ആന കുടഞ്ഞെറിഞ്ഞത് മൂലമെന്ന് ഡോക്ടര്‍: മേപ്പാടി റിസോര്‍ട്ടില്‍ മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട്ടിലെ റിസോര്‍ട്ടില്‍ ആന ചവിട്ടിക്കൊന്ന യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റമോര്‍ട്ടം നടന്നത്.

കൊല്ലപ്പെട്ട ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ആന കുടഞ്ഞെറിഞ്ഞതുകൊണ്ടാകാം ഇത്തരത്തിലുള്ള മുറിവുകളുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന.

സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടിയിരിക്കുകയാണ്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൂട്ടിയത്. കളക്ടര്‍ അദീല അക്ബര്‍ നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തി.

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണ് മേപ്പാടിയിലെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

റിസോര്‍ട്ട് അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്തും അറിയിച്ചു. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും റിസോര്‍ട്ടിനെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തെ വനംവകുപ്പ് പ്രതികരിച്ചിരുന്നു. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.

ഈ റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് സംശയിക്കുന്നതായും വനംവകുപ്പ് പറയുന്നു. എന്നാല്‍ ഹോംസ്‌റ്റേ ലൈസന്‍സ് ഉണ്ടെന്നാണ് റിസോര്‍ട്ട് ഉടമ അജിനാസ് മാധ്യമങ്ങളോട് പറഞ്ഞത്. ടെന്റിന് പ്രത്യേക ലൈസന്‍സ് നല്‍കുന്ന രീതിയില്ലെന്നും അജിനാസ് പറഞ്ഞു.

യുവതി മരിച്ച സ്ഥലത്തെ കുറിച്ച് അജിനാസ് പറയുന്ന വസ്തുതകളില്‍ വനംവകുപ്പ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുവതി ശുചിമുറിയില്‍ പോയി വരുന്ന വഴിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് വീഴുകയായിരുന്നു. അപ്പോഴാണ് ആക്രമണം നടന്നതെന്നാണ അജിനാസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Woman killed in elephant attack in Wayanad Resort, postmortem started

We use cookies to give you the best possible experience. Learn more