|

ഹൈദരാബാദിൽ ട്രെയിനിൽ ബലാത്സംഗ ശ്രമം; ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി യുവതി. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡ്ചലിലേക്ക് പോവുകയായിരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സർവീസ് ട്രെയിനിലാണ് സംഭവം. ട്രെയിന്റെ വനിതാ കോച്ചിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

ആൽവാൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ തന്റെ കൂടെ കോച്ചിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ അവിടെ ഇറങ്ങിയെന്നും, പിന്നാലെ ഏകദേശം 25 വയസ് പ്രായമുള്ള ഒരു അജ്ഞാതൻ തന്റെ കോച്ചിൽ കയറിയെന്നും പെൺകുട്ടി പറഞ്ഞു. കോച്ചിൽ കയറിയ അയാൾ തന്റെ അടുത്തേക്ക് വരികയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. എന്നാൽ താൻ വിസമ്മതിച്ചപ്പോൾ അയാൾ ബലപ്രയോഗത്തിലൂടെ തന്നെ ആക്രമിക്കാൻ ശ്രമിച്ചതായും തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് ചാടുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു.

വീഴ്ചയിൽ പെൺകുട്ടിയുടെ തലയിലും താടിയിലും വലതുകൈയിലും അരയിലും രക്തസ്രാവമുണ്ടായി. പിന്നീട് വഴിയാത്രക്കാർ ചേർന്ന് കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് ജി.ആർ.പി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ വീണ്ടും കണ്ടാൽ തിരിച്ചറിയുമെന്ന് പെൺകുട്ടി പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസിന്റെ സെക്ഷൻ 75 (സ്ത്രീയെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെ നടത്തുന്ന ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), സെക്ഷൻ 131 (ക്രിമിനൽ ബലപ്രയോഗം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

സ്വകാര്യ മേഖലയിലെ ജീവനക്കാരിയായ പെൺകുട്ടി മാർച്ച് 22ന് തന്റെ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കാൻ വേണ്ടി മെഡ്ചലിൽ നിന്ന് സെക്കന്തരാബാദിൽ എത്തിയതായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Content Highlight: Woman jumps from moving train to escape from rape bid

Latest Stories

Video Stories