| Friday, 15th December 2023, 8:07 pm

യു.പിയിൽ തൊഴിലിടത്ത് ലൈംഗികാതിക്രമം; മരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ്‌ ജസ്റ്റിസിന് കത്തെഴുതി വനിതാ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തൊഴിലിടത്തെ ചൂഷണവും ലൈംഗികാതിക്രമവും ചൂണ്ടിക്കാണിച്ച് തന്നെ മരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡിന്‌ കത്തെഴുതി ഉത്തർപ്രദേശിലെ വനിതാ ജഡ്‌ജി.

രാജ്യത്തെ സാധാരണക്കാർക്ക് നീതി നേടിക്കൊടുക്കാൻ ആഗ്രഹിച്ച തനിക്ക് മുന്നിൽ നീതിക്കായുള്ള വാതിലുകൾ നിരന്തരം കൊട്ടിയടക്കപെടുകയാണെന്നും ജഡ്ജി പറഞ്ഞു. തുടരെയുള്ള ലൈംഗിക പീഡനങ്ങൾ സഹിച്ച് ഇനിയും ജീവിക്കാൻ കഴിയില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

ജില്ലാ ജഡ്‌ജി രാത്രി വീട്ടിലേക്ക്‌ വരാൻ ആവശ്യപ്പെട്ടതടക്കമുള്ള വിവരങ്ങൾ കത്തിൽ പറയുന്നുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാട്ടി 2022ൽ അലഹബാദ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ജഡ്‌ജിനും പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സ്ഥലംമാറ്റം ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും എട്ടു സെക്കൻഡിൽ പരാതി നിരാകരിക്കപ്പെട്ടുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

‘തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളിൽനിന്ന്‌ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഒരു വലിയ നുണയാണ്‌. ക്ഷുദ്രജീവിയെപ്പോലെയും മാലിന്യത്തെപ്പോലെയുമാണ്‌ എന്നെ കോടതിയിലുള്ളവർ കാണുന്നത്‌. സർവീസിലെ ചെറിയ കാലയളവിനുള്ളിൽ പലതവണ തുറന്ന കോടതിയിൽ ജഡ്‌ജിയുടെ കസേരയിൽ ഇരിക്കവെ അപമാനിക്കപ്പെട്ടു. താങ്ങാവുന്നതിലധികം ലൈംഗികപീഡനങ്ങൾക്ക്‌ ഇരയായി.

ജോലി ചെയ്യുന്ന ഇന്ത്യയിലെ സ്ത്രീകൾ ലൈംഗികാതിക്രമങ്ങളുമായി പൊരുത്തപ്പെട്ട്‌ ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതി ഉൾപ്പെടെ ആരും നിങ്ങളെ കേൾക്കില്ല. എല്ലാവരുംകൂടി നിങ്ങളെ ആത്മഹത്യയിലേക്ക്‌ തള്ളിവിടും,’ ഡി.വൈ. ചന്ദ്രചൂഡിന് എഴുതിയ കത്തിൽ ജഡ്ജി കുറിച്ച വാക്കുകളാണിവ.

അതേസമയം വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതായാണ് പുതിയ റിപ്പോർട്ട്. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോട് ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ് നേരിട്ട് റിപ്പോർട്ട് തേടി. വനിതാ ജഡ്ജിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റിയോട് നടപടി ക്രമങ്ങളുടെ നിലവിലെ അവസ്ഥ എന്താണെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Content Highlight: Woman Judge Writes to Chief Justice, Requesting to Allow Death in Workplace Sexual Rape in UP

We use cookies to give you the best possible experience. Learn more