| Monday, 24th February 2020, 5:56 pm

വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കിഴക്കമ്പലത്ത് ട്വന്റി 20 സംഘത്തിന്റെ കയ്യേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാര്‍ത്ത ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും ക്യാമറാമാനും നേരെ കയ്യേറ്റം. ഏഷ്യാവില്‍ മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍ റിയ മാത്യൂസ്, ക്യാമറാമാന്‍ രാഹില്‍ ഹരി എന്നിവര്‍ക്ക് നേരെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ കയ്യേറ്റവും അസഭ്യവര്‍ഷവും നടന്നത്.

വനിതാമാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അസഭ്യം പറയുകയും പുരുഷന്‍മാര്‍ അടങ്ങുന്ന സംഘം തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യുകയുമായിരുന്നു. അതിക്രമം നടത്തിയ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പട്ടിമറ്റം പൊലീസില്‍ പരാതി നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് പ്രത്യേക സ്റ്റോറി തയ്യാറാക്കുന്നതിനായിരുന്നു ഏഷ്യാവില്‍ മാധ്യമ സംഘം പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ ട്വന്റി 20 പഞ്ചായത്ത് അംഗം കെവി ജേക്കബ്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് ട്വന്റി 20 അംഗങ്ങള്‍ കയ്യേറ്റം ചെയ്തത്.

പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി അജി, പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം. ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ബലമായി ഡിലീറ്റ് ചെയ്യിക്കുന്നതിനും സംഘം ശ്രമിച്ചു. പഞ്ചായത്ത് ഭരണത്തിനെതിരെ വാര്‍ത്ത ചെയ്യാനാണ് എത്തിയതെങ്കില്‍ ഷൂട്ട് ചെയ്യാന്‍ സമ്മതിക്കില്ല എന്ന പറഞ്ഞുകൊണ്ടായിരുന്നു സംഘം മാധ്യമ പ്രവര്‍ത്തകര്‍ക്ക നേരെ തട്ടിക്കയറിയത്. റിയമാത്യൂസിനെ പിടിച്ച് തളളുകയും രാഹില്‍ ഹരിയുടെ ക്യാമറ നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുവാന്‍ ശ്രമിക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി അജിയുടെയും പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസിന്റെയും നേതൃത്വത്തില്‍ കണ്ടാല്‍ അറിയാവുന്ന ഒരുസംഘം പുരുഷന്മാരായിരുന്നു കയ്യേറ്റം ചെയ്തതെന്ന് റിയ പരാതിയില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more