പാകിസ്ഥാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിയെ കുടുംബാംഗങ്ങള്‍ കല്ലെറിഞ്ഞ് കൊന്നു
ലാഹോര്‍: പാകിസ്ഥാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞ് കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവും രണ്ട് സഹോദരങ്ങളും ചേര്‍ന്ന് യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ ബലൂചിസ്ഥാനിലോ അതിര്‍ത്തി പ്രദേശത്തോ ഒളിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രാജന്‍പൂരിലെ അല്‍കാനി ഗോത്രത്തില്‍പ്പെട്ട 20 വയസുള്ള യുവതിയാണ് ദാരുണമായ കൊലപാതകത്തിന് ഇരയായത്.
സമാന രീതിയില്‍ പാകിസ്ഥാനില്‍ ഓരോ വര്‍ഷവും ആയിരത്തോളം സ്ത്രീകളാണ് കൊല്ലപ്പെടുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവരെയും വ്യഭിചാരമാരോപിച്ച് കൊലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മിയാന്‍വാലി ജില്ലയിലെ യുവതി ഡോക്ടറെ വെടിവെച്ച് കൊന്നിരുന്നുവെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മിക്കപ്പോഴും ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബാംഗങ്ങളാണെന്നും അവര്‍ പറഞ്ഞു.
25 കാരിയായ ഡോക്ടര്‍ തന്റെ സഹപ്രവര്‍ത്തകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടയുടെ പിതാവ് അത് അംഗീകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
‘ഒരാഴ്ച മുമ്പ്, ഡോക്ടറുടെ പിതാവ് മിയാന്‍വാലി നഗരത്തിലെ മകളുടെ ക്ലിനിക്കില്‍ ചെന്ന് വിഷയത്തെ ചൊല്ലി വഴക്കിട്ടു. തര്‍ക്കത്തിനിടെ, അയാള്‍ തോക്ക് പുറത്തെടുത്ത് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ക്ക്,’ പൊലീസ് പറഞ്ഞു.
Content Highlights: Woman in Pakistan stoned to death after alleged adultery