| Wednesday, 8th April 2020, 7:51 pm

ബീഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; അമിത രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗയ: ബീഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയതെന്ന് റിപ്പോര്‍ട്ട്. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചു.

പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിത്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.

കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ ഡോക്ടര്‍ ലൈംഗികാത്രിക്രമം നടത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യാ സംഭവം ഗുരുതരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more