ലക്‌നൗ: തന്നെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.പിയില്‍ യുവതിയുടെ ധര്‍ണ. ബി.ജെ.പി എം.എല്‍.എയുടെ മകനെതിരെയാണ് യുവതി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
യു.പിയിലെ ഷഹ്ജന്‍പൂര്‍ കലക്ട്രേറ്റ് ഓഫീസിനു പുറത്താണ് യുവതി നീതി തേടി ധര്‍ണ നടത്തുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് എം.എല്‍.എയുടെ മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
യു.പിയില്‍ ബി.ജെ.പി നേതാക്കള്‍ പ്രതിസ്ഥാനത്തുവരുന്ന കേസുകളില്‍ നടപടിയെടുക്കാന്‍ പൊലീസ് വിസമ്മതിക്കുന്നുവെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ജൂണില്‍ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഉന്നാവോയില്‍ 16 കാരി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല.
തുടര്‍ന്ന് നീതി ലഭിച്ചില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.
ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെ സര്‍ക്കാറിനെതിരെ പ്രതിഷേധവും വിമര്‍ശനവും ശക്തമായതോടെയാണ് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാനും അന്വേഷണവുമായി മുന്നോട്ടുപോകാനും യു.പി സര്‍ക്കാര്‍ തീരുമാനിച്ചത്.