കോരാപുട്: മതിയായ രേഖകളില്ലെന്ന കാരണം പറഞ്ഞ് ആശുപത്രിയില്‍ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ തിരിച്ചയച്ച ആദിവാസി യുവതി ആശുപത്രി പരിസരത്തെ ഓവുചാലില്‍ പ്രസവിച്ചു. ഒറീസയിലെ ഭുവനേശ്വറിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജിലാണ് സംഭവം.
ജനിഗുഡ ഗ്രാമത്തിലെ യുവതിയാണ് ആശുപത്രി അധികൃതരുടെ അലംഭാവം കാരണം ഓവു ചാലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ നവജാത ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. അതേസമയം യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമെത്തിയതായിരുന്നു യുവതി. ആ സമയത്ത് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചെന്നെങ്കിലും നഴ്‌സ് മമതാ യോജന ബെനഫിഷ്യറി കാര്‍ഡ് ആവശ്യപ്പെടുകയും കാര്‍ഡില്ലെന്ന് പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു.
അതേ സമയം കോരാപുട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറും യുവതിയുടെ അമ്മയുടെ വാദം തള്ളി. ചികിത്സക്കായി യുവതി ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നും പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ റാത് പറഞ്ഞു.