രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശ്; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ശരീരഭാഗങ്ങള്‍ ഛേദിച്ചു, പൊതു ഇടത്തില്‍ നഗ്‌നയാക്കി
National
രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശ്; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ശരീരഭാഗങ്ങള്‍ ഛേദിച്ചു, പൊതു ഇടത്തില്‍ നഗ്‌നയാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 8:38 pm

ലഖ്‌നൗ: രാജ്യത്തെ നടുക്കി ഉത്തര്‍പ്രദേശ് വീണ്ടും. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതി ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. ഭര്‍ത്താവിനോട് പരാതിപ്പെട്ടതിന് അക്രമികള്‍ തിരിച്ചെത്തി ശരീരഭാഗങ്ങള്‍ ഛേദിക്കുകയും, നഗ്‌നയാക്കി പൊതു ഇടത്തില്‍ നടത്തിക്കുകയും ചെയ്തു.

യുവതിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് ഹോരില്‍ ലാല്‍, ഗുഗന്‍, ജയ് കിഷോര്‍, ചോട്ടേ ലാല്‍ എന്നീ നാല് യുവാക്കള്‍ ഇവരെ ആക്രമിച്ചത്. ജൂണ്‍ 29ന് തനിച്ചുള്ളപ്പോള്‍ യുവതിയുടെ വീട്ടിലേക്ക് ഇവര്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഒരോരുത്തരായി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വീട് വിട്ടത്.


ALSO READ: മഞ്ജുവാര്യര്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഡബ്ല്യു.സി.സി


എന്നാല്‍ ആക്രമണത്തെ അതിജീവിച്ച യുവതി ഭീഷണിയെ അവഗണിച്ച് സംഭവങ്ങള്‍ ഭര്‍ത്താവിനോട് പറയാനുള്ള ധൈര്യം കാണിച്ചു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആക്രമികളെ ചോദ്യം ചെയ്തു.

ഇതില്‍ കുപിതരായ യുവാക്കള്‍ തിരികെയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങള്‍ ഛേദിച്ചതായും, പൊതുനിരത്തില്‍ നഗ്‌നയായി നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ALSO READ:“എന്റെ അഭിമന്യുവിന് എങ്ങനെ ഉണ്ട്?”; കണ്ണ് തുറന്നപ്പോള്‍ മകന്‍ ചോദിച്ചത് അഭിമന്യുവിനെക്കുറിച്ചെന്ന് അര്‍ജുന്റെ അമ്മ


തന്റെ ഭാര്യയെ നഗ്‌നയാക്കി നടത്തുന്ന വിവരം അറിഞ്ഞിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. സ്വാധീനവും ശക്തിയും ഉള്ള ഉന്നതരുടെ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് പൊലീസ് നടപടി സ്വീകരിക്കാഞ്ഞതെന്നും ഇയാള്‍ കുറ്റപ്പെടുത്തി.

പിന്നാക്ക വിഭാഗത്തിലുള്ള ഇവരുടെ മരുമകനും പ്രതികളുടെ കുടുംബത്തിലെ പെണ്‍കുട്ടിയും തമ്മിലുള്ള സ്‌നേഹബന്ധമാണ് ബലാത്സംഗത്തിന് പിന്നില്ലെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നുണ്ട്.


ALSO READ: എസ്.ഡി.പി.ഐയുടെ താലിബാന്‍ മോഡല്‍ ആക്രമണമാണ് മഹാരാജാസില്‍ നടന്നത്; വര്‍ഗീയ ധ്രുവീകരണമാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യമെന്നും സി.പി.ഐ.എം


ഇയാളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നാല് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എസ്.പി അജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.