|

ഹരിയാന ബി.ജെ.പി അധ്യക്ഷനെതിരെ കൂട്ടബലാത്സംഗ പരാതിയുമായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോളിക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി. ബി.ജെ.പി അധ്യക്ഷനും ഗായകന്‍ റോക്കി മിത്തലും ചേര്‍ന്ന് ഹിമാചല്‍ പ്രദേശില്‍വെച്ച് നിര്‍ബന്ധിച്ച് മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ദല്‍ഹി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഹിമാചല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2023ലാണ് യുവതിക്ക് അതിക്രമം നേരിട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചല്‍ സന്ദര്‍ശിക്കാന്‍ എത്തിയ യുവതിയെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കസൗലിയിലെ മങ്കി പോയിന്റ് റോഡിലുള്ള ഹിമാചല്‍പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ റോസ് കോമണ്‍ ഹോട്ടലില്‍ വിളിച്ച് വരുത്തി ഇരുവരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

യുവതിക്ക് മോഹന്‍ലാല്‍ ബദോളി സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തതായും യുവതിയുടെ സുഹൃത്തിന് റോക്കി മിത്തലിന്റെ അടുത്ത ആല്‍ബത്തില്‍ അവസരം നല്‍കുമെന്നും വാഗ്ദാനം നല്‍കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരും ഇത് നിരസിച്ചതോടെ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിനെ ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തിയതായും യുവതി വെളിപ്പെടുത്തി.

പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇതുവരെ ഇക്കാര്യം പുറത്ത് പറയാഞ്ഞതെന്നും എന്നാല്‍ അടുത്തിടെ തങ്ങളെ വ്യാജ ക്രമിനല്‍ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ഡി (കൂട്ടബ ലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം ബി.ജെ.പി അധ്യക്ഷന്‍ നിരസിച്ചു. ഈ ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് മോഹന്‍ ലാല്‍ ബദോളി പ്രതികരിച്ചത്. ആര്‍.എസ്.എസ് നേതാവായിരുന്ന ബദോളി മുമ്പ് ഹരിയാന നിയമസഭാംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോണിപത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Content Highlight: woman filed a gang rape complaint against the Haryana BJP president

Latest Stories