പിശാച് കയറിയെന്ന് പറഞ്ഞ് കണ്ണ് ചൂഴ്‌ന്നെടുത്തു; ദേഹത്ത് ശൂലം തറച്ചു; ദുര്‍മന്ത്രവാദത്തിനിരയായ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
ജാര്‍ഗണ്ഡ്: ജാര്‍ഗണ്ഡിലെ ഗര്‍വയില്‍ ദുര്‍മന്ത്രവാദത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. കൊന്തിര ഗ്രാമത്തിലെ രുധ്‌നിയെന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അസുഖബാധിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ദുര്‍മന്ത്രിവാദികളുടെ അടുത്ത് എത്തിക്കുകയായിരുന്നു ബന്ധുക്കള്‍.
ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്പതിമാരാണ് യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
യുവതിയുടെ ദേഹത്ത് പിശാച് കയറിക്കൂടിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും പറഞ്ഞ് ശൂലമുപയോഗിച്ച് പെണ്‍കുട്ടിയെ മുറിവേല്‍പ്പിക്കുകയും കണ്ണ് ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി മരണപ്പെട്ടതോടെ വീട്ടുകാര്‍ ഈ വിവരങ്ങള്‍ മറച്ചുവെക്കുകയും ആരേയും അറിയാതെ മൃതദേഹം അടക്കം ചെയ്യാനും ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വിവരമറിഞ്ഞെത്തിയ പൊലീസ് ദുര്‍മന്ത്രവാദം നടത്തിയ ദമ്പതികളെയും പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ചിലരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുര്‍മന്ത്രവാദത്തിനെതിരെയും മറ്റും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചില ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകുമെന്നും ഗര്‍വ എസ്.ഡി.പി.ഒ നീരജ് പറഞ്ഞു.
അസുഖം പിടിപെട്ട പെണ്‍കുട്ടിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പോലും എത്തിക്കാതെ ദുര്‍മന്ത്രവാദികളുടെ അടുത്ത് എത്തിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ബന്ധുക്കള്‍ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരക്ഷരത, ദാരിദ്ര്യം, അറിവില്ലായ്മ എന്നിവയാണ് ഇത്തരം സംഭവങ്ങളിലേക്ക് ആളുകളെ നയിക്കുന്നതെന്ന് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. സ്വത്ത് തട്ടിയെടുക്കുന്നതിനും പണം അപഹരിക്കുന്നതിനുമായി ചിലര്‍ ഇത് ഉപയോഗപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു.