| Friday, 12th January 2018, 11:18 am

ദളിത് യുവാവിനെ വിവാഹം ചെയ്ത സഹോദരിയെ വീട്ടില്‍ താമസിപ്പിച്ചു; യുവതിക്ക് സമുദായത്തിന്റെ ഊരു വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സഹോദരി ദളിത് യുവാവിന പ്രണയിച്ച് വിവാഹം ചെയ്തതിന് യുവതിക്ക് ഊരു വിലക്ക്. തെലുങ്കാനയിലെ നാവാബ്‌പേട്ട് വില്ലേജിലെ ജ്യോതിക്കാണ് ഊര് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

ഗുണ്ട്‌ല സമുദായക്കാരിയായ ജ്യോതിയുടെ സഹോദരി ലത എസ്.സി സമുദായമായ മഡിഗ വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്തിരുന്നു. പ്രദേശത്തെ ഗുണ്ടല വിഭാഗത്തിലെ ആളുകളുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം.

തുടര്‍ന്ന് ഭര്‍ത്താവിനോട് പിണങ്ങിയ ലത ആറുമാസമായി ജ്യോതിക്കൊപ്പമാണ് താമസിക്കുന്നത്. ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്ത സഹോദരിക്ക് സംരക്ഷണം നല്‍കിയതിനാലാണ് ജ്യോതിയെ ഊരു വിലക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ആറുമാസമായി തുടരുന്ന ഊരുവിലക്കിനെതിരെ കഴിഞ്ഞ ദിവസമാണ് ജ്യോതി പൊലീസില്‍ പരാതി നല്‍കിയത്. ജ്യോതിയെ സമുദായത്തില്‍ പെട്ട ആരും സഹായിക്കരുതെന്നും പ്രദേശത്തെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും സമുദായ നേതാക്കള്‍ മുമ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകൂട്ടത്തിനെ ജ്യോതി സമീപിച്ചെങ്കിലും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 30,000 രൂപ അടയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. തന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അത്രയും അടയ്ക്കാന്‍ കഴിയില്ലെന്ന് ജ്യോതി അറിയിച്ചതോടെ 5000 രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ഊരു വിലക്ക് പിന്‍വലിക്കാന്‍ 4000 രൂപ പിഴ അടയ്ക്കാന്‍ വീണ്ടും നിര്‍ദ്ദേശിച്ചതോടെയാണ് ജ്യോതി പൊലീസില്‍ പരാതിയുമായി എത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more