ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം സ്ത്രീയുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ 55 കാരി മരിച്ചു. പോലീസുകാരുടെ മിന്നൽ പരിശോധനയിൽ ഭയന്നുപോയ 55കാരി പെട്ടന്ന് പരിഭ്രാന്തയാകുകയും ശ്വാസതടസം വന്ന് മരിക്കുകയുമായിരുന്നു.
ബിജ്‌നോറിലെ ഖതായ് ഗ്രാമത്തിലെ താമസക്കാരിയായ റസിയയാണ് മരണപ്പെട്ടത്. എന്നാൽ പരിശോധനയിൽ വീട്ടിൽ മാംസം സൂക്ഷിച്ചതായി കണ്ടെത്താനായില്ല. ഉത്തർ പ്രദേശിൽ ഗോഹത്യയും ബീഫ് വിൽപനയും കടത്തലും നിരോധിച്ചിരിക്കുകയാണ്. ഇതിനായി ഗോവധ വിരുദ്ധ നിയമങ്ങളും ഉണ്ട്. ഈ നിയമങ്ങൾ ലംഘിച്ചുവെന്ന സംശയത്തിലാണ് റെയ്ഡ് നടത്തിയത്.
നാല് പൊലീസ് കോൺസ്റ്റബിൾമാർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് റസിയയുടെ മകൻ മകൻ നസിം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺകോളിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ് പോലുമില്ലാതെയുള്ള അനധികൃത പരിശോധനയെന്ന് മകൾ ഫർഹാന പറഞ്ഞു.
നാല് പൊലീസ് കോൺസ്റ്റബിൾമാർ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി. ഞങ്ങൾ ഗോ മാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. എന്നാൽ സർക്കാർ നിരോധിച്ചതൊന്നും ഞങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഞങ്ങൾ അപേക്ഷിച്ച് പറഞ്ഞു. അപ്പോൾ അവർ ഞങ്ങളുടെ വീട്ടുപകരണങ്ങൾ കൊള്ളയടിച്ചു. പൊലീസിന്റെ പെരുമാറ്റം കാരണം അമ്മയ്ക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഞങ്ങൾ അമ്മയെ പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് ഡോക്ടർ ‘അമ്മ മരിച്ചതായി പറഞ്ഞു,’ നസിം പറഞ്ഞു.
സംഭവത്തിൽ പൊലീസ് സൂപ്രണ്ട് അഭിഷേക് ഝാ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
‘പൊലീസിന് പക്ഷപാതപരമായ വിവരങ്ങൾ നൽകിയതിന് വിവരം നൽകിയ ആർക്കെതിരെയും അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ആവശ്യമായ നിയമനടപടി സ്വീകരിക്കും,’ ഝാ പറഞ്ഞു.
സമാജ്‌വാദി പാർട്ടിയുടെ നാഗിന എം.എൽ.എ മനോജ് കുമാർ റെയ്ഡിനെ അപലപിക്കുകയും സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ പ്രാദേശിക നേതാക്കളുടെയും മുസ്‌ലിം പുരോഹിതരുടെയും ഒരു സംഘത്തെ എസ്.പി ഓഫീസിലേക്ക് അദ്ദേഹം അയക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Woman Dies of Panic Attack After Cops Raid Home on Suspicion of Storing Beef in UP