|

ഭക്ഷ്യവിഷബാധയേറ്റ സ്ത്രീ മരിച്ചു; മരണകാരണം പച്ചമുട്ട ചേര്‍ത്ത മയോണൈസ് കഴിച്ചതെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ ഭക്ഷ്യവിഷബാധയേറ്റ സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി നുസൈബ (56) ആണ് മരിച്ചത്.

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് അവശനിലയിലായതിനെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യങ്ങള്‍ മൂലം ചികിത്സ തേടുകയായിരുന്നു.

പെരിഞ്ഞനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെയും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെയും ചികിത്സയ്ക്ക് ശേഷമാണ് വിദഗ്ധ പരിശോധനയ്ക്കായി നുസൈബയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നത്. രാത്രിയോടെ നുസൈബയുടെ ആരോഗ്യനില മോശമാകുകയായിരുന്നു.

സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 187 പേര്‍ ചികിത്സയിലാണ്. പച്ചമുട്ട ചേര്‍ത്ത മയോണൈസ് കഴിച്ചതാണ് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സംശയം.

ആരോഗ്യ വകുപ്പും പൊലീസും നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാവുന്ന മയോണൈസും സാമ്പിളുകളും കണ്ടെടുത്തിട്ടില്ല. കുഴിമന്തിയോടൊപ്പം മയോണൈസ് കഴിച്ചവരാണ് മണിക്കൂറിനുള്ളില്‍ അവശനിലയിലായതെന്നും ചികിത്സ തേടിയതെന്നും അധികൃതര്‍ അറിയിച്ചു.

പച്ചമുട്ട ചേര്‍ത്ത മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് സംഭവം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം നില്‍ക്കവെയാണ് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Content Highlight: Woman dies of food poisoning in Thrissur